Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

TTV-Dinakaran-Takes-Oath ദിനകരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ. ചിത്രം: എഎൻഐ

ചെന്നൈ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ ടി.ടി.വി.ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ചേംബറിൽ, സ്പീക്കർ പി.ധനപാൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നു മാസത്തിനകം എടപ്പാടി കെ.പളനി സാമി സർക്കാർ നിലംപതിക്കുമെന്ന മുന്നറിയിപ്പ് ദിനകരൻ ആവർത്തിച്ചു. 

നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയോടെയാണു ദിനകരൻ എംഎൽഎയായി ചുമതലയേൽക്കാനെത്തിയത്. മറീനയിലെ കാമരാജ് ശാല മുതൽ നിയമസഭാ മന്ദിരംവരെ പൂ വിതറിയും മുദ്രാവാക്യം മുഴക്കിയുമാണു ദിനകരനെ അനുയായികൾ സ്വീകരിച്ചത്. തുറന്ന വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചായിരുന്നു യാത്ര. വിശ്വസ്തരായ പി.വെട്രിവേൽ, തങ്കത്തമിഴ്‌സെൽവൻ, കെ.പി.പളനിസാമി, 18 എംഎൽഎമാരെ അയോഗ്യരാക്കിയശേഷം ദിനകരനു പിന്തുണ പ്രഖ്യാപിച്ച ഇ.എ.രത്നസഭാപതി എംഎൽഎ എന്നിവർ ദിനകരനൊപ്പമുണ്ടായിരുന്നു. 

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം സ്പീക്കർ പി.ധനപാൽ ഹസ്തദാനം ചെയ്ത് ദിനകരനെ അഭിനന്ദിച്ചു. നേരത്തെ തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട് ധനപാലനെതിരെ ദിനകരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ധനപാൽ, ദിനകരനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. 

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച ദിനകരൻ നാൽപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചു കയറിയത്.