Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ സൈനിക ക്യാംപ് ആക്രമിച്ചു; അഞ്ച് ഭടന്മാർക്കു വീരമൃത്യു, മൂന്നു ഭീകരരെ വധിച്ചു

jammu-camp-attack കരുതലോടെ: കശ്മീരിലെ പുൽവാമ ജില്ലയിൽ ചാവേർ ആക്രമണമുണ്ടായ സിആർപിഎഫ് പരിശീലന ക്യാംപിനു മുന്നിൽ നിലയുറപ്പിച്ച ജവാൻ. ചിത്രം: എപി

ശ്രീനഗർ∙ ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് പരിശീലന ക്യാംപിനു നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് ഭടന്മാർ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സൈന്യം വധിച്ചു. പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് സ്ഥലവാസികളായ ഭീകരർ ഇത്തരത്തിൽ ചാവേർ‌ ആക്രമണം നടത്തുന്നത്. പുൽവാമയിൽ നിന്നുള്ള മൻസൂർ അഹമ്മദ് ബാബയും ട്രാലിൽ നിന്നുള്ള ഫർദീൻ അഹമ്മദ് ഖണ്ടെയുമാണ് ഭീകരരെന്നു തിരിച്ചറിഞ്ഞു. ഖണ്ടെ സർവീസിലുള്ള പൊലീസുകാരന്റെ മകനാണ്.

പുലർച്ചയ്ക്കു മുൻപ് രണ്ടു മണിയോടെ യന്ത്രത്തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളുമായാണ് ഭീകരർ എത്തിയത്. പ്രവേശനകവാടത്തിൽ ഗ്രനേഡ് വർഷിച്ചു അകത്തുകടന്ന അവർ തുരുതുരാ വെടിവയ്പ്പു നടത്തി. സൈന്യം തിരിച്ചടി തുടങ്ങിയതോടെ കെട്ടിടത്തിൽ കുടുങ്ങിപ്പോയ ഭീകരരാണു കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ഒന്നോ രണ്ടോ ഭീകരർ കെട്ടിടത്തിൽ ഒളിച്ചിരിപ്പുണ്ടെന്നു സംശയിക്കുന്നു. തിരച്ചിൽ തടുരുകയാണ്. ഹിമാചൽ, കശ്മീർ, രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള ഭടന്മാരാണ് വീരമരണം പ്രാപിച്ചത്. ഇവരിൽ നാലു പേർ വെടിയേറ്റും ഒരാൾ ഏറ്റുമുട്ടലിനിടയിൽ ഹൃദയാഘാതത്താലുമാണ് മരിച്ചത്.

Jagsir-Singh ജഗ്സിർ സിങ്

ആക്രമണത്തിൽ മൂന്നു സിആർപിഎഫ് ഭടന്മാർക്കു പരുക്കേൽക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ മിന്നലാക്രമണം ഉണ്ടാകുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ജയ്ഷെ മുഹമ്മദിനു കശ്മീരിൽ കടുത്ത തിരിച്ചടിയാണ് അടുത്ത കാലത്തുണ്ടായത്. ജയ്ഷെ മുഹമ്മദിന്റെ തലപ്പത്തുള്ള നൂർ മുഹമ്മദ് താന്ത്രെയെ ഈയാഴ്ചയും ജയ്ഷ് മേധാവി മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധു അടക്കം മൂന്നു പേരെ നവംബറിലും സൈന്യം വധിച്ചിരുന്നു. ഇതിനിടെ, നൗഷേര സെക്ടറിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ പുലർച്ചെ പാക്ക് സൈനികർ നടത്തിയ വെടിവയ്പ്പിൽ പഞ്ചാബ് സ്വദേശിയായ സൈനികൻ ജഗ്സിർ സിങ് (32) വീരമൃത്യു വരിച്ചു.

നരേന്ദ്ര മോദി സർക്കാരിന്റെ വിദേശനയത്തിന്റെ പരാജയമാണു പുൽവാമയിൽ കണ്ടതെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. ദേശവിരുദ്ധ ശക്തികൾ ഇന്ത്യയെ ഭയക്കുന്നില്ലെന്ന സന്ദേശമാണ് തുടരെത്തുടരെയുള്ള ആക്രമണങ്ങൾ നൽകുന്ന സന്ദേശമെന്നു പാർട്ടി വക്താവ് സുഷ്മിത ദേവ് കുറ്റപ്പെടുത്തി. കശ്മീരിലെ സ്ഥിതി എത്ര മോശമാണെന്നു തെളിയിക്കുന്നതാണു പുൽവാമ ആക്രമണമെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പറഞ്ഞു. ആക്രമണത്തെ കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അപലപിച്ചു.