Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖിൽ ബിജെപിയെ വെട്ടിലാക്കി വെങ്കയ്യ

M Venkaiah Naidu

ന്യൂഡൽഹി ∙ രാജ്യസഭയിൽ അധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന്റെ നിലപാട് മുത്തലാഖ് ബിൽ വിഷയത്തിൽ സർക്കാരിനു തിരിച്ചടിയായി. രാജ്യസഭാംഗമായുള്ള തന്റെ ആദ്യ സമ്മേളനത്തിൽ കന്നിപ്രസംഗം നടത്താനുള്ള ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ആഗ്രഹവും നടന്നില്ല. മുത്തലാഖ് ബില്ലിലെ വ്യവസ്‌ഥകളുൾപ്പെടുത്തി ഓർഡിനൻസ് ഇറക്കാൻ ആലോചനയില്ലെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ സിലക്‌ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ പ്രമേയങ്ങൾ പിഴവുള്ളവയെന്നാണു ഭരണപക്ഷത്തിനുവേണ്ടി ധനമന്ത്രിയും സഭാനേതാവുമായ അരുൺ ജയ്‌റ്റ്‌ലി വാദിച്ചത്.

ഒരു ദിവസം മുൻപേ പ്രമേയങ്ങൾ അംഗങ്ങൾക്കു ലഭ്യമാക്കിയില്ലെന്നതും ഭരണപക്ഷത്തുനിന്നു കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ പരാമർശിച്ചില്ലെന്നതുമാണു ജയ്‌റ്റ്‌ലി ഉന്നയിച്ച കാരണങ്ങൾ. ബുധനാഴ്‌ച പ്രതിപക്ഷ പ്രമേയങ്ങൾക്കെതിരെ ജയ്‌റ്റ്‌ലി വാദമുന്നയിച്ചപ്പോൾ സഭ നിയന്ത്രിച്ചത് ഉപാധ്യക്ഷൻ പി.ജെ.കുര്യനാണ്. ഭരണപക്ഷം സാങ്കേതികപ്പിഴവുകൾ ആരോപിക്കുന്നുണ്ടെങ്കിലും അധ്യക്ഷൻ രണ്ടു പ്രമേയങ്ങളും അംഗീകരിച്ചതാണെന്നു കുര്യൻ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം പ്രമേയങ്ങൾ പരിഗണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴും ജയ്‌റ്റ്‌ലി പഴയ വാദങ്ങൾ ആവർത്തിച്ചു.

ബുധനാഴ്‌ച ചട്ടങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു വാദമെങ്കിൽ, പിറ്റേന്നു സഭയിലെ കീഴ്‌വഴക്കങ്ങളുടെ രേഖകളും ജയ്‌റ്റ്‌ലി ഉദ്ധരിച്ചു. ഈ രേഖകൾ മുൻകൂട്ടി അമിത് ഷായെ കാണിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, വാദങ്ങൾ കേട്ടശേഷം തലേന്നത്തെ നിലപാടു കുര്യൻ ആവർത്തിച്ചു: പ്രമേയങ്ങൾ അധ്യക്ഷൻ അംഗീകരിച്ചതാണ്. ആ തീരുമാനം മാറ്റാൻ തനിക്കാവില്ല. കഴിഞ്ഞ ദിവസവും ഇന്നലെയും മുത്തലാഖ് ബില്ലിനു പകരം ജിഎസ്‌ടി ബിൽ ചർച്ചയ്‌ക്കെടുപ്പിക്കാനും അപ്പോൾ അമിത് ഷായ്‌ക്ക് കന്നിപ്രസംഗത്തിന് അവസരമൊരുക്കാനുമാണു ബിജെപി ശ്രമിച്ചത്. എന്നാൽ, ജിഎസ്‌ടി ബിൽ ചർച്ചയ്‌ക്കെടുക്കാൻ പ്രതിപക്ഷം സമ്മതിച്ചില്ല.

സഭയിൽ റിപ്പോർട്ടുകൾ വയ്‌ക്കാനുള്ള മന്ത്രിമാർ ഹാജരാകാത്തതിനെതിരെയും വെങ്കയ്യ നായിഡു അധ്യക്ഷനെന്ന നിലയിലുള്ള ആദ്യ സമ്മേളനത്തിന്റെ അവസാന ദിവസം കർശന നിലപാടെടുത്തതും ശ്രദ്ധേയമായി. പാർലമെന്റ് നടക്കുമ്പോൾ പ്രാധാന്യം അതിനായിരിക്കണം. പകരക്കാരെ നിയോഗിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ, തന്നെ അതു മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങണം– നായിഡു പറഞ്ഞു.