Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാർഥ നേതാവാകാൻ കഴിയുക ദുരിതം അനുഭവിച്ചവർക്ക്: ദ്വിവേദി

ന്യൂഡൽഹി ∙ നിർധന കുടുംബങ്ങളിൽ പിറന്നു വിജയിക്കുന്നവരോടും സാധാരണ പാർട്ടി പ്രവർത്തകരായിരുന്നിട്ടു നേതാക്കളാകുന്നവരോടും തനിക്കു വലിയ ബഹുമാനമാണെന്നു സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി. ജീവിതത്തിൽ ദുരിതവും വേദനയും അനുഭവിച്ചവർക്കാണു യഥാർഥ നേതാവും പൂർണനേതാവുമാകാൻ സാധിക്കുകയെന്നും രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ദ്വിവേദി പറഞ്ഞു.

ദ്വിവേദിയുടെ പരാമർശം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയുള്ള ഒളിയമ്പാണെന്നു കോൺഗ്രസ് വൃത്തങ്ങളിൽ വിമർശനമുയർന്നു. രാഹുൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിനെതിരെ നിലപാടുള്ള മുതിർന്ന നേതാക്കളിലൊരാൾ ദ്വിവേദിയാണെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് പാർട്ടി തന്നെ ട്വിറ്ററിൽ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവിട്ടു.

ദ്വിവേദിക്കു പുറമേ ഡൽഹിയിൽനിന്നു രാജ്യസഭാംഗങ്ങളായ ഡോ.കരൺ സിങ്, പർവേസ് ഹാഷ്‌മി എന്നിവരും ഈ മാസം 27ന് അംഗത്വ കാലാവധി പൂർത്തിയാക്കുന്നവരാണ്. മുപ്പത്താറു വയസ്സുള്ള ചെറുപ്പക്കാരനായി ഡൽഹിയിലെത്തിയ താൻ, ആദർശശാലിയായ വൃദ്ധനായാണ് 86–ാം വയസ്സിൽ വിരമിക്കുന്നതെന്നു ഡോ.കരൺസിങ് പറഞ്ഞു. പർവേസ് ഹാഷ്‌മി സഭയിൽ ഇല്ലായിരുന്നു.