Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവകാശ ലംഘനം: രാഹുലിനെതിരെയുള്ള നോട്ടിസ് ലോക്‌സഭാ സ്‌പീക്കർക്ക് കൈമാറി

Rahul Gandhi

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രാജ്യസഭാംഗം ഭുപീന്ദർ യാദവ് നൽകിയ അവകാശ ലംഘന നോട്ടിസ് സഭാ അധ്യക്ഷൻ എം.വെങ്കയ്യ നായിഡു, ലോക്‌സഭാ സ്‌പീക്കർക്കു കൈമാറി. പ്രഥമദൃഷ്‌ട്യാ അവകാശ ലംഘനമുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. രാഹുൽ ലോക്‌സഭാംഗമായതിനാലാണു വിഷയം സ്‌പീക്കറുടെ പരിഗണനയ്‌ക്കു വിട്ടത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും മറ്റും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നു ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി രാജ്യസഭയിൽ ന്യായീകരിച്ചിരുന്നു. ഇതിനെ പരിഹസിച്ചു രാഹുൽ ട്വിറ്ററിലൂടെ നടത്തിയ പരാമർശങ്ങളാണ് അവകാശ ലംഘനമായി ഉന്നയിക്കപ്പെട്ടത്. ‘ജെയ്‌റ്റ്‌ലൈ’ എന്നു ജയ്‌റ്റ്‌ലിയെ വിശേഷിപ്പിച്ച രാഹുൽ, പ്രധാനമന്ത്രി പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും വിമർശിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോയും ട്വീറ്റിനൊപ്പം നൽകി.

ജെയ്‌റ്റ്‌ലൈ എന്ന വിശേഷണം അപകീർത്തികരമാണെന്നും രാജ്യസഭയിലെ നടപടികളെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ സർക്കാരിനെ മോശമായി ചിത്രീകരിക്കാനുദ്ദേശിച്ചുള്ളതും സഭയുടെ അന്തസ്സിനെ ഹനിക്കുന്നതുമാണെന്നും ഭുപീന്ദർ യാദവ് നോട്ടിസിൽ ആരോപിച്ചു. ലോക്‌സഭാംഗത്തിനെതിരെ തനിക്കു ലഭിച്ച പരാതിയിൽ കഴമ്പുണ്ടെന്നു രാജ്യസഭാധ്യക്ഷൻ വിലയിരുത്തിയാൽ അത് തുടർനടപടിക്കായി ലോക്‌സഭാ സ്‌പീക്കർക്കു കൈമാറണമെന്നാണു വ്യവസ്‌ഥ. അരോപണവിധേയനായ അംഗം മാപ്പു പറഞ്ഞാൽ നടപടി അവസാനിപ്പിക്കും. രാഷ്‌ട്രീയ പരാമർശങ്ങളും ട്വീറ്റുകളും അവകാശലംഘനമാകുമെങ്കിൽ ബിജെപി ഒട്ടേറെ നോട്ടിസുകൾ നേരിടേണ്ടിവരുമെന്ന് കോൺഗ്രസ് രാജ്യസഭാകക്ഷി ഉപനേതാവ് ആനന്ദ് ശർമ പറഞ്ഞു.