Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ പ്രതിഷേധമുയർത്തി യുവറാലി; ദലിതരോടു പ്രതികാരം ചെയ്യുന്നതായി ജിഗ്‍നേഷ്

kanaiah-mevani കേന്ദ്രസർക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച യുവ ഹുങ്കാർ റാലിയിൽ മനുസ്മൃതിയും ഇന്ത്യൻ ഭരണഘടനയും ഉയർത്തിപ്പിടിച്ച് ദലിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷ് മേവാനി. ഒപ്പം കനയ്യ കുമാർ, ഷെഹ്‌ല റഷീദ്, അഖിൽ ഗൊഗോയ് തുടങ്ങിയവർ. ചിത്രം: പിടിഐ

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധ കാഹളവുമായി യുവ ഹുങ്കാർ റാലി. ദലിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പങ്കുചേരാൻ കടുത്ത പൊലീസ് നിയന്ത്രണത്തിനിടയിലും നൂറുകണക്കിനു യുവാക്കളെത്തി. മോദി സർക്കാർ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു.

മനുസ്മൃതിയോടാണോ ഭരണഘടനയോടാണോ കൂറെന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നു മേവാനി ആവശ്യപ്പെട്ടു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് 99 ആയി കുറച്ചതിലുള്ള പ്രതികാര നടപടികളാണു മോദി സർക്കാർ ദലിതരോടു ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളെ ഒളിപ്പിച്ചു ഘർ വാപസി, ലവ് ജിഹാദ്, ഗോരക്ഷ എന്നിവയ്ക്കാണു സർക്കാർ പ്രാധാന്യം നൽകുന്നത്. ഞങ്ങൾ ഇതിനെതിരാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഞങ്ങൾ രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു. ലവ് ജിഹാദിലല്ല, സ്നേഹത്തിലാണു വിശ്വസിക്കുന്നത്. അതിനാൽ പ്രണയദിനം ആഘോഷിക്കുക തന്നെ ചെയ്യും’– നിറഞ്ഞ കയ്യടിക്കിടെ മേവാനി പറഞ്ഞു.

ദലിതർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നു മേവാനി ആവശ്യപ്പെട്ടു. രോഹിത് വേമുലയുടെ മരണത്തിന് ആരാണ് ഉത്തരവാദി? ഭീമ-കൊറേഗാവ് സംഘർഷത്തിന് ആരാണ് കാരണക്കാരൻ? വിദേശ അക്കൗണ്ടുകളിൽ നിന്നു പണം കണ്ടെത്തി എന്തുകൊണ്ടു രാജ്യത്തെ ജനങ്ങൾക്കു വിതരണം ചെയ്യുന്നില്ല? വാഗ്ദാനം ചെയ്ത ജോലി യുവാക്കൾക്കു ലഭിക്കാത്തതെന്ത്? ഇതിനെല്ലാം മറുപടി പറയേണ്ടതു മോദിയാണ്– മേവാനി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങൾക്കെതിരെയും ഉത്തർപ്രദേശിലെ ഭീം ആർമി നേതാവ് ചന്ദ്രശേഖരെ ജയിലിൽ നിന്നു വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുമാണു റാലി സംഘടിപ്പിച്ചത്. അക്രമസാധ്യത മുന്നിൽകണ്ടു രണ്ടായിരത്തോളം പൊലീസുകാരെയും അർധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു മാർച്ച് നടത്തുമെന്നായിരുന്നു മുൻപ്രഖ്യാപനമെങ്കിലും അതുണ്ടായില്ല.

കിഴക്കൻ ഡൽഹിയിലെ റാണി ഗാർഡൻ മേഖലയിലെ അംബേദ്കർ പാർക്ക് ഉൾപ്പെടെ പലയിടത്തും പ്രവർത്തകരെ പൊലീസ് തടഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൻ, അസമിൽ നിന്നുള്ള കർഷക നേതാവ് അഖിൽ ഗൊഗോയ്, വിദ്യാർഥി നേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ് തുടങ്ങിയവരും പങ്കെടുത്തു.

related stories