Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധിജി വധം: പരാതിക്കാരനുള്ള അവകാശം ചോദ്യം ചെയ്തു കോടതി

Mohandas Karamchand Gandhi

ന്യൂഡൽഹി∙ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചു വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെടാൻ പരാതിക്കാരനായ അഭിനവ് ഭാരത് ട്രസ്റ്റി പങ്കജ് ഫട്നിസിനുള്ള അവകാശമെന്തെന്നും ഇത്രയും വൈകിയതെന്തെന്നും സുപ്രീം കോടതി. സംഭവവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇതിനോടകം നഷ്ടപ്പെട്ടു കഴി‍ഞ്ഞു. സാക്ഷികളാരും ജീവിച്ചിരിപ്പില്ല. ഇത്രയും വൈകിയതെന്തെന്നും പുനരന്വേഷണം ആവശ്യപ്പെടാനുള്ള അവകാശമെന്തെന്നുമുള്ള സുപ്രധാന ചോദ്യങ്ങൾക്കു പരാതിക്കാരൻ മറുപടി നൽകേണ്ടതുണ്ടെന്നു ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, എൽ.നാഗേശ്വര റാവു എന്നിവരുൾപ്പെട്ട ബെഞ്ച് പറ‍ഞ്ഞു.

കേസിൽ ഉൾപ്പെട്ടവരുടെ മഹത്വമല്ല, പ്രസക്തമായ തെളിവുകളുണ്ടോ എന്നതാണു വിഷയം– കോടതി വ്യക്തമാക്കി. ഗാന്ധി വധത്തിനു പിന്നിലുള്ള ഗൂഢാലോചന തെളിയിക്കപ്പെട്ടതാണെന്നും പുനരന്വേഷണത്തിന്റെ ആവശ്യമെല്ലെന്നും അമിക്കസ് ക്യൂറി അമരേന്ദ്ര ശരൺ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിനെതിരെ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ഫട്നിസിന്റെ ആവശ്യത്തെത്തുടർന്നു കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.

related stories