Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ധാരണ: അയവില്ലാതെ കാരാട്ട് പക്ഷം കേന്ദ്ര കമ്മിറ്റിക്ക്

Sitaram Yechuri, Prakash Karat

ന്യൂഡൽ‍ഹി ∙ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ െഎക്യത്തിനുള്ള വാതിൽ മുൻകൂട്ടി അടയ്ക്കാനുള്ള ശ്രമത്തിലുറച്ചു സിപിഎം പൊളിറ്റ്ബ്യൂറോയിലെ കാരാട്ട് പക്ഷം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തയാറാക്കിയതും പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻപിള്ളയും ചേർന്നു തയാറാക്കിയതുമായ കരട് രാഷ്ട്രീയ പ്രമേയങ്ങൾ സംയോജിപ്പിക്കാൻ പിബി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലെ ദേശീയ രാഷ്ട്രീയ വിഷയങ്ങളും പാർട്ടിയുടെ രാഷ്ട്രീയ ലൈനും സംബന്ധിച്ചു രണ്ടു പക്ഷങ്ങളുടേതുമായി രണ്ടു രേഖകളാണു 19നു കൊൽക്കത്തയിൽ തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി (സിസി) പരിഗണിക്കുക. രേഖകൾ കഴിഞ്ഞ ദിവസം സിസി അംഗങ്ങൾക്കു വിതരണം ചെയ്തു.

രാജ്യാന്തര കാര്യങ്ങളിൽ‍ രണ്ടുകൂട്ടർക്കും ഭിന്നാഭിപ്രായങ്ങളില്ല. കോൺഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണു രണ്ടുകൂട്ടരുടെയും നിലപാട്. എന്നാൽ, ധാരണയുണ്ടാക്കില്ലെന്നുകൂടി വ്യക്തമായി പറയണമെന്നാണു കാരാട്ടിന്റെയും എസ്ആർപിയുടെയും വാദം. അതിനോടു യച്ചൂരി യോജിക്കുന്നില്ല. ഇതു 2019ൽ വിശാല പ്രതിപക്ഷ െഎക്യം അസാധ്യമാക്കുമെന്നാണു യച്ചൂരിയുടെ വാദം. ധാരണയില്ലെന്നു പറയാതിരുന്നാൽ ഒടുവിൽ കാര്യങ്ങൾ പരോക്ഷ സഖ്യത്തിൽ എത്തിച്ചേരുമെന്നാണു കാരാട്ടും കൂട്ടരും വാദിക്കുന്നത്. നിലപാടു മയപ്പെടുത്തുന്നതിന്റെ സൂചനകൾ കാരാട്ട് നൽകിയെങ്കിലും കേരള ഘടകത്തിന്റെ താൽപര്യങ്ങൾ‍ സംരക്ഷിക്കാനെന്നോണം എസ്ആർപി വിട്ടുകൊടുക്കാൻ തയാറായില്ലെന്നാണു പാർട്ടിവൃത്തങ്ങൾ പറയുന്നത്.

യച്ചൂരി രണ്ടു തവണയും കാരാട്ട് നാലു തവണയും തങ്ങളുടെ കരട് രേഖകൾ പരിഷ്കരിച്ചെങ്കിലും ഭിന്നത പരിഹരിക്കാൻ സാധിച്ചില്ല. 2004ൽ ബിജെപി അധികാരത്തിലെത്തുന്നതു തടയാൻ യുപിഎയെ പിന്തുണച്ചതു തെറ്റായിപ്പോയെന്നു പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ല. വാജ്പേയി സർക്കാരിനു വീണ്ടും ഭരണം ലഭിക്കുന്നതു തടയണമെന്ന് അന്നു ഹർകിഷൻ സിങ് സുർജിത്തും ജ്യോതി ബസുവും മറ്റും നിലപാടെടുത്തത് ഡിഎംകെയുൾപ്പെടെ പല പ്രാദേശിക കക്ഷികളും ബിജെപി വിരുദ്ധ ചേരിയിലെത്താൻ സഹായിച്ചെന്നാണു പാർട്ടി വിലയിരുത്തൽ. എന്നാൽ, കാരാട്ട് പക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് അംഗീകരിച്ചാൽ 2004ലേതുപോലുള്ള സഹകരണവും അസാധ്യമാകും.

അന്നു സുർജിത് പറഞ്ഞത്

2004 മാർച്ച് 17നു സിപിഎം പ്രകടനപത്രിക പ്രകാശനം ചെയ്തു ഹർകിഷൻ സിങ് സുർജിത് പറഞ്ഞത്: ‘കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കപ്പെടണം. അത് ഒരു പാർട്ടിയെക്കൊണ്ടു മാത്രം സാധിക്കില്ല. അതിനാൽ, എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടത് ആവശ്യമാണെന്ന് എല്ലാ മതനിരപേക്ഷ കക്ഷികളെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്.’

സിസി നിർദേശം നടപ്പായില്ല: വീണ്ടും രണ്ടു രേഖകൾ

കരട് രാഷ്ട്രീയ പ്രമേയത്തിനു യച്ചൂരിയും കാരാട്ടും തയാറാക്കിയ വ്യത്യസ്ത രേഖകളാണു കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര കമ്മിറ്റി പരിഗണിച്ചത്. കോൺഗ്രസുമായി സഹകരണം വേണ്ടെന്ന പിബിയിലെ ഭൂരിപക്ഷ നിലപാടിനെയും സിസിയിലെ ചർച്ചകളെയും ആധാരമാക്കി കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാൻ സിസി അന്നു പിബിയോടു നിർദേശിച്ചു. പിബി കഴിഞ്ഞ ഡിസംബർ ഒൻപതിനും 10നും ചേർന്നു. ഫലമുണ്ടായില്ല. തർക്കത്തിലെ കക്ഷികളായ യച്ചൂരിയും കാരാട്ടും എസ്ആർപിയും ഒരുമിച്ചിരുന്ന് അടുത്ത സിസിക്കു മുൻപു പരിഹാരത്തിനു ശ്രമിക്കാൻ പിബി നിർദേശിച്ചു. മൂവരും പലതവണ അനുര‍ഞ്ജന യോഗം ചേർന്നു. ഫലമില്ലാതെ, വീണ്ടും രണ്ടു രേഖകളുമായി സിസിയുടെ മുന്നിലേക്ക്.