Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖോയിയിൽ ‘നിർമല ചരിതം’

nirmala-sukhoi അഭിമാനം വാനോളം: പ്രതിരോധമന്ത്രി നിർമല സീതാരാമൻ സുഖോയ് വിമാനത്തിൽ പറന്നുയർന്നപ്പോൾ. (വിഡിയോ ദൃശ്യം)

ജയ്പുർ / ന്യൂഡൽഹി ∙ സുഖോയ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ വനിതാ പ്രതിരോധമന്ത്രിയായി നിർമല സീതാരാമൻ. ഇന്നലെ ജോധ്പുരിലെ വ്യോമസേനാ താവളത്തിൽനിന്നാണു നിർമല സീതാരാമൻ സുഖോയ് 30 എംകെഐ വിമാനത്തിൽ പൈലറ്റിനൊപ്പം പറന്നുയർന്നത്. അണ്വായുധങ്ങൾവരെ വഹിക്കാൻ ശേഷിയുള്ളതാണു റഷ്യൻ നിർമിത സുഖോയ് 30 വിമാനങ്ങൾ. ഇരട്ട സീറ്റുള്ള വിമാനത്തിൽ പൈലറ്റുമാർക്കുള്ള പ്രത്യേക സ്യൂട്ട് ധരിച്ചായിരുന്നു യാത്ര.

വിമാനത്തിന്റെ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ സുമിത് ഗാർഗിനു പിന്നിലെ സീറ്റിൽ ഇരുന്ന മന്ത്രി 45 മിനിറ്റ് ആകാശത്തു പറന്നു. രാവിലെ 11നു വ്യോമകേന്ദ്രത്തിൽ എത്തിയ മന്ത്രിയെ എയർ മാർഷൽ ആർ.കെ.ധീർ, തെക്കുപടിഞ്ഞാറൻ എയർ കമാൻഡ് മേധാവി എയർ കമഡോർ എൻ.തിവാരി എന്നിവർ ചേ‍ർന്നു സ്വീകരിച്ചു. പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻ സേനയുടെ ആയുധക്കരുത്തും യുദ്ധസന്നദ്ധതയും പരിശോധിക്കാൻ ലക്ഷ്യമിട്ടായിരുന്നു പറക്കൽ.

സേനാ താവളത്തിലെ ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. കഴിഞ്ഞ ഒൻപതിന്, മന്ത്രി വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ ഒരു ദിവസം താമസിച്ചു നാവികസേനയുടെ സൈനികാഭ്യാസങ്ങൾ വിലയിരുത്തിയിരുന്നു. ജോർജ് ഫെർണാണ്ടസ് ആണ് ഇതിനു മുൻപു യുദ്ധവിമാനത്തിൽ പറന്ന പ്രതിരോധമന്ത്രി. 

നിർമല സീതാരാമൻ (പ്രതിരോധമന്ത്രി)

‘‘മറക്കാനാവാത്ത അനുഭവം. ഞങ്ങൾ ശബ്ദത്തേക്കാൾ വേഗത്തിലാണു കുതിച്ചത്; എവറസ്റ്റിനേക്കാൾ ഉയരത്തിലേക്കു പറന്നു.’’

related stories