Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരോധിത കറൻസി കൂട്ടിവച്ചപ്പോൾ നോട്ടുമെത്ത; യുപിയിൽ പിടിച്ചതു 100 കോടിയുടെ അസാധുനോട്ടുകൾ

old-currency യുപിയിൽ പിടിച്ചെടുത്ത നിരോധിത കറൻസി.

കാൻപുർ (യുപി)∙ അടച്ചിട്ട വീട്ടിനുള്ളിൽനിന്ന് ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) യുപി പൊലീസും ചേർന്നു പിടിച്ചെടുത്ത നിരോധിത കറൻസിയുടെ മൂല്യം 100 കോടിയോളം രൂപ. പിടിച്ചെടുത്ത നോട്ടുകൾ കൂട്ടിവച്ചപ്പോൾ വലിയൊരു മെത്തയുടെ വലുപ്പം. ചൊവ്വാഴ്ച അർധരാത്രിയോടെ നോട്ടെണ്ണാൻ ആരംഭിച്ച പൊലീസ് ഇന്നലെ പുലർച്ചയോടെ പൂർത്തിയാക്കിയതു 97 കോടി രൂപ.

ഇനിയും എണ്ണാൻ ബാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നിർമാണക്കരാറുകാരൻ ഉൾപ്പെടെ 16 പേരെ അറസ്റ്റ് ചെയ്തു. കാൻപുരിലെ ഒരു ഹോട്ടലിൽനിന്നാണു കരാറുകാരനെ എൻഐഎയും പൊലീസും അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു ബിസിനസുകാരന്റെ അടച്ചിട്ട വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത കറൻസി കണ്ടെത്തിയത്. 2016 നവംബറിൽ നിരോധിച്ച 1000, 500 രൂപ നോട്ടുകളാണിവ. ചില സ്വകാര്യകമ്പനികളുടെയും വ്യക്തികളുടെയും പണമാണിതെന്നും നോട്ടുകൾ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിൽ വീട്ടിൽ സൂക്ഷിച്ചിരുന്നതാണെന്നും അന്വേഷണസംഘം കരുതുന്നു.