Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതി: തർക്കപരിഹാര യോഗം ഇന്നു നടന്നേക്കും, വെറും പ്രസ്താവന പോരെന്നു ജഡ്ജിമാർ

SC Judges

ന്യൂഡൽഹി ∙ പരസ്യപ്രതിഷേധം നടത്തിയ നാലു സുപ്രീംകോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും തമ്മിലുള്ള തർക്കപരിഹാര ചർച്ച ഇന്നു നടന്നേക്കും. ഇന്നലെ നടത്താനിരുന്ന ചർച്ച, ജസ്റ്റിസ് ജസ്തി ചെലമേശ്വർ ജലദോഷം കാരണം അവധിയെടുത്തതിനാൽ‍ മുടങ്ങി. ഇതിനിടെ, നാലു ജഡ്ജിമാരും യു.യു.ലളിതും ഡി.വൈ.ചന്ദ്രചൂഡ് എന്നീ ജഡ്ജിമാരും ഇന്നലെ വൈകിട്ട് ജസ്റ്റിസ് മദൻ ബി. ലോക്കൂറിന്റെ വസതിയിൽ ഒത്തുകൂടിയെന്നും ചീഫ് ജസ്റ്റിസിന് ഇന്നു നൽകാനുള്ള പരിഹാരനിർദേശങ്ങൾ തയാറാക്കിയെന്നുമാണു സൂചന.

പ്രശ്നമെല്ലാം പരിഹരിച്ചുവെന്ന വെറുമൊരു പ്രസ്താവന ഇറക്കുന്നതിൽ കാര്യമില്ലെന്നും വ്യക്തമായ നടപടികൾ ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലെന്നുമാണു നാലു ജഡ്ജിമാരുടെയും നിലപാട്. മറ്റു ജഡ്ജിമാരോട് ആലോചിക്കാതെ നാലു പേരും പത്രസമ്മേളനം നടത്തിയതിനെക്കുറിച്ച് വിമർശനം ഉയർന്നിരുന്നു. എന്നാൽ, എല്ലാവരോടും ചർച്ച ചെയ്യാൻ നിന്നാൽ വിഷയം വേണ്ടരീതിയിൽ പുറത്തുകൊണ്ടുവരാൻ കഴിയില്ലായിരുന്നുവെന്നും പത്രസമ്മേളനം വിളിക്കുക എന്നത് ആലോചനയില്ലാതെ എടുത്ത തീരുമാനം അല്ലെന്നുമാണു ജഡ്ജിമാരുടെ പക്ഷം.

എല്ലാ പ്രശ്നങ്ങളും ഒന്നോ രണ്ടോ യോഗത്തിലൂടെ പരിഹരിക്കപ്പെടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ദിവസവും കോടതി തുടങ്ങും മുൻപു ജഡ്ജിമാരെല്ലാം ഒത്തുകൂടിയുള്ള ചായകുടി ചർച്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയമായത്. ബുധനാഴ്ചകളിൽ ജഡ്ജിമാരെല്ലാം ഉച്ചഭക്ഷണത്തിന് ഒത്തുകൂടുന്ന പതിവുണ്ട്. ഇന്നലെ അതിൽ എന്തുസംഭവിച്ചു എന്നതിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ.

ജസ്റ്റിസ് ചെലമേശ്വറിനു പുറമെ, ജഡ്ജിമാരായ എസ്.എ.ബോബ്ഡെയും എ.കെ.ഗോയലും ഉച്ചഭക്ഷണത്തിന് എത്തിയില്ല. വിവാദവിഷയം ചർച്ചയായില്ലെന്നു കോടതിവൃത്തങ്ങൾ പറഞ്ഞു. പ്രതിഷേധിച്ചവരിലുള്ള ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കഴിഞ്ഞദിവസം ജസ്റ്റിസ് ചെലമേശ്വറിനെ വീട്ടിൽ സന്ദർശിച്ച് അരമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. വിമർശിച്ച ജഡ്ജിമാരുമായി നടത്തിയ ആദ്യ ചർച്ചയിൽ വ്യക്തമായ എന്തെങ്കിലും നിർദ്ദേശം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണു കോടതിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനം (റോസ്റ്റർ) സുതാര്യമാക്കണമെന്നും കേസുകളുടെ പട്ടിക വൈകിമാത്രം പരസ്യപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രതിനിധികൾ ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയി‍ൽ ആവശ്യപ്പെട്ടു. മെഡിക്കൽ കോഴക്കേസിൽ ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കുന്നതു ശരിയല്ലെന്നു നാലു ജഡ്ജിമാരോടും ബാർ അസോസിയേഷൻ വ്യക്തമാക്കിയതായും സൂചനയുണ്ട്.

related stories