Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: പ്രവേശന പരീക്ഷകളെ ഒഴിവാക്കി

Arun Jaitley

ന്യൂഡൽഹി∙ റിയൽ എസ്റ്റേറ്റ് മേഖലയെ ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു കേരളവും മറ്റും ശക്തമായി എതിർത്തതിനാൽ ജിഎസ്ടി കൗൺസിൽ ചർച്ചയ്ക്കെടുത്തില്ല. പഴയ വാഹനങ്ങൾ വിൽക്കുന്നതിനുള്ള നികുതി 12 ശതമാനമാക്കി; പ്രവേശന പരീക്ഷകളെയും പരീക്ഷാ നടത്തിപ്പിനെയും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. 

മൊത്തം 29 ചരക്കുകളുടെയും 53 സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റം വരുത്തിയതായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. വിവിധ കരകൗശല ഉൽപന്നങ്ങളുടെ നികുതി പൂർണമായി ഒഴിവാക്കിയതായാണു സൂചന. എന്നാൽ, നികുതി ഒഴിവാക്കപ്പെട്ട ഉൽപന്നങ്ങളുടെ പട്ടിക ലഭ്യമായിട്ടില്ല. 

ജിഎസ്ടി അടയ്ക്കുന്നതിനുള്ള സംവിധാനം ലളിതമാക്കുന്നതിനു നന്ദൻ നിലേകനി നൽകിയ ശുപാർശകൾ കൗൺസിൽ പരിഗണിച്ചു. നികുതി അടയ്ക്കുന്നവർ വിൽക്കൽ–വാങ്ങൽ വിവരങ്ങൾ കംപ്യൂട്ടറിലൂടെ അപ്‌ലോഡ് ചെയ്യുക, അടയ്ക്കേണ്ട നികുതിയുടെ വിശദാംശങ്ങൾ കംപ്യൂട്ടറിൽ ലഭ്യമാക്കുക എന്ന രീതിയാണു നിലേകനി മുന്നോട്ടുവച്ചത്. ഇതു കൗൺസിൽ പത്തു ദിവസത്തിനകം വീണ്ടും ചർച്ചചെയ്യും. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു ജിഎസ്ടി ബാധകമാക്കാനുള്ള ശുപാർശ അജൻഡയിൽ ചേർത്തിരുന്നു. 

അടുത്ത യോഗം വിഡിയോ കോൺഫറസിങ്ങിലൂടെയാണ്. അതിനുശേഷമുള്ള യോഗത്തിൽ റിയൽ എസ്റ്റേറ്റും പരിഗണനയ്ക്കു വന്നേക്കുമെന്നു ധനമന്ത്രി തോമസ് െഎസക് പറഞ്ഞു. ടൂറിസം മേഖലയിലെ ജിഎസ്ടി കുറയ്ക്കണമെന്നു കേരളവും ഗോവയും ആവശ്യപ്പെട്ടു. ഇ–വേ ബിൽ നിർബന്ധമാക്കുന്നതിനു മാർച്ച് വരെ സാവകാശം അനുവദിക്കും. 

നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളിൽ ചിലത്: 

∙ 10–13 സീറ്റർ ബസുകൾക്കും ആംബുലൻസുകൾക്കും 28% ജിഎസ്ടി മാത്രം. നഷ്ടപരിഹാര സെസ് ഒഴവാക്കി.

∙ പാചകവാതക വിതരണക്കാർ ഗാർഹിക ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന നികുതി 18 ശതമാനത്തിൽനിന്ന് 5 ആക്കി.

∙ ജൈവ ഇന്ധനത്തിന്റെ നികുതി 18ൽ നിന്നു 12% ആക്കി.

∙ വളമായി ഉപയോഗിക്കുന്ന ഫോസ്ഫോറിക് ആസിഡിനു പതിനെട്ടിൽ നിന്ന് 12%. 

∙ പാക്കറ്റിലാക്കിയ ശുദ്ധജലത്തിനു പതിനെട്ടിൽ നിന്ന് 12%. 

∙ പുളിങ്കുരുപ്പൊടിക്കു പതിനെട്ടിൽ നിന്ന് 5%. 

∙ ജൈവകീടനാശിനികൾക്കു പതിനെട്ടിൽ നിന്ന് 12%.

∙ തയ്യലിനുള്ള സേവന നികുതി അഞ്ചു ശതമാനമാക്കി.

∙ അമ്യൂസ്മെന്റ് പാർക്ക് പ്രവേശനനികുതി 28ൽ നിന്നു 18 ആക്കി.

∙ റെസിഡന്റ് വെൽഫെയർ അസോസിയേഷനിൽ നിന്ന് അംഗങ്ങൾക്കു ലഭിക്കുന്ന സേവനങ്ങൾക്കുള്ള നികുതിയിളവു പരിധി 5000 രൂപയിൽനിന്ന് 7500 രൂപയാക്കി.

∙ മെട്രോ റെയിൽ, മോണോ റെയിൽ നിർമാണ പദ്ധതികൾക്കു പതിനെട്ടിൽ നിന്ന് 12%.

∙ വിവരാവകാശ നിയമപ്രകാരമുള്ള സേവനത്തെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.

∙ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെയും സ്റ്റാഫിന്റെയും യാത്രയ്ക്കായി വാഹനം വാടകയ്ക്കു നൽകുന്നതിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.