Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 ആംആ‌ദ്‌മി എംഎൽഎമാരെ അയോഗ്യരാക്കാൻ ശുപാർശ; ഡൽഹി മിനി തിരഞ്ഞെടുപ്പിലേക്ക്

aap-kejriwal

ന്യൂഡൽഹി ∙ ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 ആംആ‌ദ്‌മി പാർട്ടി (എഎപി) എംഎൽഎമാരെ അയോഗ്യരാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രപതിയോടു ശുപാർശ ചെയ്തു. തീരുമാനം ശരിവച്ചാൽ എംഎൽഎമാർക്കു സ്ഥാനം നഷ്ടമാകും. ഇതോടെ ഡൽഹി നിയമസഭയിൽ എഎപിയുടെ അംഗബലം 46 ആയി കുറയും. എങ്കിലും 70 അംഗ നിയമസഭയിൽ പാർട്ടിക്കു ഭരണം നഷ്ടപ്പെടില്ല. 

അയോഗ്യതാ തീരുമാനത്തിനെതിരെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. കോടതി തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നു വിശദീകരണം തേടിയിട്ടുണ്ട്. വിഷയം 22നു വീണ്ടും പരിഗണിക്കും. 2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ എട്ടുവരെ എഎപി എംഎൽഎമാർ പാർലമെന്ററി സെക്രട്ടറി പദവി വഹിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണു കമ്മിഷന്റെ നടപടി. നിയമന ഉത്തരവ് ഡൽഹി ഹൈക്കോടതി പിന്നീടു റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരുമാനമുള്ള ഇരട്ടപ്പദവി വഹിച്ചുവെന്ന കുറ്റം ഒഴിവാക്കണമെന്ന എംഎൽഎമാരുടെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളി. 

അധികാരമേറ്റ് ഒരു മാസത്തിനുള്ളിലാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 21 എഎപി എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. 21 പേർക്കെതിരെയായിരുന്നു പരാതിയെങ്കിലും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ രജൗരി ഗാർഡനിലെ എംഎൽഎ സ്ഥാനം രാജിവച്ച ജർണൈൽ സിങ്ങിനെ പിന്നീട് ഒഴിവാക്കി. 

കമ്മിഷന്റെ ശുപാർശ രാഷ്ട്രപതി ശരിവച്ചാൽ ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് ഉൾപ്പെടെയുള്ള പ്രമുഖർക്കു രാജിവയ്ക്കേണ്ടി വരും. എന്നാൽ രാജിവച്ചവർക്കു വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു തടസ്സമില്ല. കമ്മിഷൻ നടപടി നിയമപരമായി നേരിടുമെന്ന് എഎപി നേതൃത്വം വ്യക്തമാക്കി. 

മൂന്നുവർഷം മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായി അധികാരത്തിലെത്തിയ എഎപി സർക്കാരിനു നിലവിൽ വിമത എംഎൽഎ കപിൽ മിശ്ര ഉൾപ്പെടെ 66 എംഎൽഎമാരാണുള്ളത്. രജൗരി ഗാർഡൻ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു വിജയം. ബവാന എംഎൽഎ വേദ് പ്രകാശ് സതീഷ് എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ എഎപിയുടെ രാംചന്ദർ വിജയിച്ചിരുന്നു.

മന്ത്രിയെ സഹായിക്കാൻ പാർലമെന്ററി സെക്രട്ടറി

മന്ത്രിമാരെ സഹായിക്കുന്നതിനാണു സംസ്ഥാനങ്ങളിൽ  പാർലമെന്ററി സെക്രട്ടറിമാരെ നിയമിക്കുന്നത്. ഇവർക്കു പ്രത്യേക വേതനം നൽകുന്നില്ലെങ്കിലും  വാഹനം  ഉൾപ്പെടെ ആനുകൂല്യങ്ങളുണ്ട്. കേജ്‍രിവാൾ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി  2015 മാർച്ച് 13നാണു നിയമിച്ചത്. പ്രത്യേക പദവിയുള്ള സംസ്ഥാനമായ ഡൽഹിയിൽ  പാർലമെന്ററി സെക്രട്ടറിമാരെ പ്രതിഫലമുള്ള പദവിയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. 1997-ലെ ഡൽഹി മെംബർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി (റിമൂവൽ ഓഫ് ഡിസ്ക്വാളിഫിക്കേഷൻ) നിയമമായിരുന്നു തടസ്സം. 

എംഎൽഎമാരുടെ നിയമനത്തിനു  പിന്നാലെ സംസ്ഥാന സർക്കാർ നിയമഭേദഗതി കൊണ്ടുവന്നു. പാർലമെന്ററി സെക്രട്ടറി പ്രതിഫലം കൂടാതെയുള്ള  പദവിയാണെന്നും ഇതിനു മുൻകാല പ്രാബല്യം നൽകിയെന്നുമായിരുന്നു ഭേദഗതി. ഇത് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി തള്ളിയതോടെ നിയമപരിരക്ഷ ഇല്ലാതായി. പിന്നാലെ, അയോഗ്യരാക്കാനുള്ള നടപടി തിരഞ്ഞെടുപ്പു കമ്മിഷൻ ആരംഭിച്ചു. 

അയോഗ്യത 

∙ ഭരണഘടനയുടെ 102 (1) (എ) വകുപ്പുപ്രകാരം കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പ്രതിഫലമുള്ള മറ്റൊരു പദവി വഹിക്കുന്ന ജനപ്രതിനിധി അയോഗ്യനാക്കപ്പെടും. ഭരണഘടനയുടെ 191 (1) (എ) പ്രകാരമാണ് എംഎൽഎമാരുടെ  ഇരട്ടപ്പദവി  അയോഗ്യതയാകുക.