Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതിയിലെ പ്രശ്നത്തിനു പരിഹാരമാകുന്നു; റോസ്റ്റർ സംവിധാനം അഞ്ചു മുതൽ

SC Judges

ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ വിവിധ ബെഞ്ചുകൾക്കു കേസുകൾ വീതിച്ചുനൽകുന്നതിനുള്ള റോസ്റ്റർ സംവിധാനം ഈ മാസം അഞ്ചിനു നിലവിൽ വരുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. നാലു മുതിർന്ന ജഡ്ജിമാർ മാധ്യമസമ്മേളനം വിളിക്കാനിടയാക്കിയ പ്രശ്നങ്ങളിൽ പ്രധാനം ഇതായിരുന്നു. നേരത്തേ മാസ്റ്റർ ഓഫ് ദ് റോസ്റ്റർ എന്ന നിലയിൽ ചീഫ് ജസ്റ്റിസ് ഇഷ്ടപ്രകാരം കേസുകൾ ബെഞ്ചുകൾക്കു വീതിച്ചു നൽകുകയായിരുന്നു.

ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കത്തുകൾ അടിസ്ഥാനമാക്കിയുള്ള കേസുകൾ, തിരഞ്ഞെടുപ്പു കേസുകൾ, ഭരണഘടനാ പദവി വഹിക്കുന്നവർക്കെതിരായ കേസുകൾ, കോടതിയലക്ഷ്യ കേസുകൾ എന്നിവയും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.

കീഴ്‍വഴക്കം പാലിക്കാതെ സുപ്രധാന കേസുകൾ ചീഫ് ജസ്റ്റിസ് ഇഷ്ടാനുസരണം നൽകുന്നതിനെ മുതിർന്ന ജഡ്ജിമാർ മാധ്യമസമ്മേളനത്തിൽ ചോദ്യംചെയ്തിരുന്നു. ചീഫ് ജസ്റ്റിസിനു നേരത്തേ നൽകിയ കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരും തമ്മിലുള്ള പ്രശ്നത്തിനു രമ്യമായ പരിഹാരം കാണാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ ഉൾപ്പെടെ നടത്തിയ ശ്രമങ്ങൾ ഇതോടെ വിജയം കാണുകയാണ്.

ചീഫ് ജസ്റ്റിസും മുതിർന്ന 11 ജഡ്ജിമാരും പരിഗണിക്കേണ്ട വിഷയങ്ങളും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചു ജസ്റ്റിസ് ചെലമേശ്വർ പരിഗണിക്കുന്ന വിഷയങ്ങൾ തൊഴിൽ, ആദായനികുതി, കമ്പനി നിയമം, എംആർടിപി, ട്രായ്, സെബി, റിസർവ് ബാങ്ക്, വ്യക്തിനിയമം, കോടതിയലക്ഷ്യം, മത–സന്നദ്ധ സംഘടനകൾ തുടങ്ങിയവയായിരിക്കും.

എന്താണ് റോസ്റ്റർ ?

ഏതെങ്കിലും പ്രത്യേകം ജോലി ചെയ്യാൻ ചുമതപ്പെട്ടിരിക്കുന്നവരുടെ  ജോലിവിഭജന സംവിധാനമാണ് റോസ്റ്റർ. സുപ്രീംകോടതിയിൽ കേസുകൾ കേൾക്കാൻ വിഷയാടിസ്ഥാനത്തിലാണു ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകൾ ഈ ബെഞ്ചിന്റെ പരിഗണനക്കാവുമെത്തുക. 

related stories