Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യയുടെ വായ്പയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ധനമന്ത്രാലയം

Vijay Mallya

ന്യൂ‍ഡൽഹി ∙ ഇന്ത്യയിലെ ബാങ്കുകളിൽനിന്നു ശതകോടികൾ വായ്പയെടുത്തു മുങ്ങി ലണ്ടനിൽ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയുടെ കടബാധ്യതകളെക്കുറിച്ചു വിവരമില്ലെന്നു കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര വിവരാവകാശ കമ്മിഷനു (സിഐസി) മുൻപാകെ നടത്തിയ ഈ പരാമർശം കമ്മിഷന്റെ വിമർശനം ക്ഷണിച്ചുവരുത്തി. മറുപടി അവ്യക്തമാണെന്നും നിയമാനുസൃതമല്ലെന്നും മുഖ്യ വിവരാവകാശ കമ്മിഷണർ ആർ.കെ.മാത്തൂർ നിരീക്ഷിച്ചു.

മല്യയുടെ വായ്പകളെയും ഈടുനൽകിയ ആസ്തികളെയും കുറിച്ചുള്ള വിവരം തേടി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കു ധനമന്ത്രാലയം മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് അപേക്ഷകനായ രാജീവ് കുമാർ ഖരെ വിവരാവകാശ കമ്മിഷനെ സമീപിച്ചത്. ഇതേക്കുറിച്ചു വിവരമില്ലെന്നു മന്ത്രാലയം ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയും സഹമന്ത്രി സന്തോഷ് ഗാങ്‌വാറും മുൻപു പലവട്ടം പാർലമെന്റിൽ പ്രസ്താവനകൾ നടത്തിയതാണ്.

മല്യയുടെ വായ്പ വിവരങ്ങൾ ബന്ധപ്പെട്ട ബാങ്കുകളിൽനിന്നോ റിസർവ് ബാങ്കിൽനിന്നോ ലഭിച്ചേക്കാമെന്നു ധനമന്ത്രാലയം വിശദീകരിച്ചു. തുടർന്നു ബന്ധപ്പെട്ട വിഭാഗത്തിലേക്ക് അപേക്ഷ കൈമാറാൻ വിവരാവകാശ കമ്മിഷണർ നിർദേശിച്ചു.