Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യരേഖ ചോർത്തൽ കേസ്: രണ്ടുപേരെ വിട്ടയച്ചു

ന്യൂഡൽഹി∙ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യരേഖ ചോർത്തിയെന്ന കേസിൽ കേന്ദ്രസർക്കാർ മുൻ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ സിബിഐ കോടതി വിട്ടയച്ചു. ചോർത്തിയവ രഹസ്യരേഖകളാണെന്നു തെളിയിക്കാൻ സിബിഐയ്ക്കു കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. കേന്ദ്ര ഇലക്ടോണിക് വകുപ്പ് ഉപദേഷ്ടാവായിരുന്ന ഡോ. എൻ.ഡബ്ല്യു. നെരൂർകർ, ആദിത്യ കുമാർ ജജോദിയ എന്നിവരെയാണു വിട്ടയച്ചത്.

1987 ഏപ്രിൽ 17ന് ആണു സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. നെരൂർ‌കറിനു പുറമേ, ബ്രിഗേഡിയർ രാജ്പാൽ സിങ് ദിയോൾ, ഡൽഹി വില്യം ജാക്സ് കമ്പനിയുടമ കൃഷ്ണ കുമാർ ജജോദിയ, മകൻ ആദിത്യ, വില്യ ജാക്സിലെ ജീവനക്കാരൻ കിഴുവറ വേണുഗോപാലൻ എന്നിവരായിരുന്നു പ്രതികൾ. ഇതിൽ വേണുഗോപാലനെ നേരത്തേ കുറ്റവിമുക്തനാക്കി. കൃഷ്ണ ജജോദിയ, ബ്രിഗേഡിയർ രാജ്പാൽ എന്നിവർ വിചാരണയ്ക്കിടെ മരിച്ചു.

കരസേനയ്ക്ക് ആവശ്യമായ ഹെലികോപ്റ്റർ, ബിഎസ്എഫ്ആർ ഫേസ് വൺ റഡാർ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ചോർത്തിയെന്നായിരുന്നു ആരോപണം. ഇവ രഹസ്യരേഖകളാണെന്നും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു സിബിഐ ജഡ്ജി കാമിനി ലാവു വിലയിരുത്തി. ഹെലികോപ്റ്ററും റഡാറും വാങ്ങാനുള്ള ടെൻഡർ വിശദാംശങ്ങളുമായി മുൻപേ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നതായും കോടതി പറഞ്ഞു. ട്രിഡന്റ് എക്സ്പ്രസ് എന്ന കൊറിയർ സ്ഥാപനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

related stories