Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേനാ താവളത്തിലെ ഭീകരാക്രമണം: 3 ജവാന്മാർകൂടി വീരമൃത്യു വരിച്ചു

kashmir-attack ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപി‍നുള്ളില്‍ കടന്ന ഭീകരരെ നേരിടാനെത്തിയ ഇന്ത്യൻ സൈനികടാങ്ക്.

ശ്രീനഗർ ∙ ജയ്ഷെ മുഹമ്മദ് ഭീകരർ ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപി‍ൽ ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഒരു ഓഫിസർ ഉൾപ്പെടെ മൂന്നു ജവാന്മാരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ ക്യാംപിനുള്ളിൽ കണ്ടെത്തി. ഇതോടെ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സൈനികരുടെ എണ്ണം അഞ്ചായി. ഒരു സൈനികന്റെ പിതാവിന്റെ മൃതദേഹവും ഇന്നലെ തിരച്ചിലിൽ ലഭിച്ചു.

കുടുംബങ്ങളെയും ആക്രമിച്ച ഭീകരസംഘത്തിലെ മൂന്നാമനെ ഇന്നലെ പുലർച്ചെ സൈന്യം വധിച്ചു. ആറു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ജമ്മു– പഠാൻകോട്ട് ബൈപാസിനോടു ചേർന്നുള്ള ഇൻഫൻട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തിൽ കനത്ത ആയുധശേഖരവുമായി ഭീകരർ ഇരച്ചുകയറിയത്. ക്യാംപിന്റെ പിൻഭാഗത്തെ കാവൽക്കാർക്കു നേരെ വെടിയുതിർത്ത ശേഷം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതുമൂലമാണ് ഇവരെ തുരത്താൻ വൈകിയത്. ആദ്യമണിക്കൂറിലെ ആക്രമണത്തിലാണ് ആറുപേരും മരിച്ചതെന്നു സൈനിക വക്താവ് പറഞ്ഞു. ഇന്നലെ പുലർച്ചെയോടെ മൂന്നാമത്തെ ഭീകരനെയും വകവരുത്തിയതോടെ സൈനിക നടപടികൾ അവസാനിച്ചു.

എന്നാൽ, വീടുകളിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനും കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്നു കണ്ടെത്താനുമായി പരിശോധന തുടരുകയാണെന്നു ജമ്മുവിലെ കരസേനാ പിആർഒ: ലഫ്. കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. മരിച്ച ഭീകരരിൽനിന്ന് എകെ 56 തോക്കുകളും ഗ്രനേഡ് ലോഞ്ചർ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും കണ്ടെടുത്തു.

2016 നവംബർ 29നു നഗ്രോട്ടയിലെ സൈനിക ക്യാംപിൽ ഇരച്ചുകയറി മൂന്നു ഭീകരർ നടത്തിയ സമാനമായ ആക്രമണത്തിൽ രണ്ട് ഓഫിസർമാർ ഉൾപ്പെടെ ഏഴു പേർ വീരമൃത്യു വരിച്ചിരുന്നു. അതിനിടെ, സുൻജ്വാനിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം തെളിവെടുപ്പു നടത്തി. ആക്രമണത്തെത്തുടർന്നു ജമ്മു നഗരവും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്.