Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: ആന്റണി ഒഴിഞ്ഞത് അഴിമതി ‘പറക്കാതിരിക്കാൻ’

AK-Antony

ന്യൂഡൽഹി ∙ യുപിഎ സർക്കാരിന്റെ കാലത്തു റഫാൽ യുദ്ധവിമാന ഇടപാടിനു തടസ്സമായത് ആയുഷ്കാല പരിപാലനച്ചെലവു കൂടി ഉൾ‌‌പ്പെടുത്തണമെന്ന ‌വ്യോമസേനാ നിലപാട്. ഇത് അഴിമതിക്കിടയാക്കുമെന്ന രഹസ്യവിവരത്തെ തുടർന്നു സർക്കാർ അന്തിമ കരാർ മരവിപ്പിക്കുകയായിരുന്നെന്നു യുപിഎ വൃത്തങ്ങൾ വെളിപ്പെടുത്തി.

‘അന്തിമഘട്ടമായപ്പോൾ ഇടപാടിൽ പ്രശ്നങ്ങളുണ്ടെന്ന് അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കു തോന്നി ഇടപാടു പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നെന്നു’ കഴിഞ്ഞദിവസം പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കി. ഫ്രാൻസിൽനിന്നു 126 വിമാനങ്ങൾ വാങ്ങാനുള്ള ചർച്ച യുപിഎ ഭരണകാലത്ത് അന്തിമഘട്ടത്തിലെത്തി. 18 വിമാനങ്ങൾ വാങ്ങാനും 108 എണ്ണം ടിഒടി (സാങ്കേതികവിദ്യാ കൈമാറ്റ വ്യവസ്ഥ) അനുസരിച്ചു പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സിൽ (എച്ച്എഎൽ) നിർമിക്കാനുമായിരുന്നു ധാരണ.

FRANCE-LIBYA-CONFLICT

വിമാനങ്ങളുടെ ആയുഷ്കാല പരിപാലന വ്യവസ്ഥ കൂടി കരാറിൽ ഉൾപ്പെടുത്തണമെന്നു വ്യോമസേന ആവശ്യപ്പെട്ടു. ഈ നിലപാടിനു പിന്തുണ കിട്ടാൻ അവർ വ്യാപക ‘ലോബിയിങ്’ നട‌ത്തുകയും ചെയ്തു. എന്നാൽ, വിമാനവില ഗണ്യമായി വർധിക്കുമെന്നു ‌ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.

നിർണായകമായതു കത്തുകൾ

ഇതിനിടെ, അഴിമതിസാധ്യതയിലേക്കു വിരൽചൂണ്ടി ലഭിച്ച കത്തുകളാണു കർക്കശ നിലപാടെടുക്കാൻ എ.കെ.ആന്റണിയെ പ്രേരിപ്പിച്ചത്. ഇതിലൊന്ന് മുതിർന്ന ബിജെപി നേതാവിന്റേതായിരുന്നു. ഏറ്റവും വ്യക്തമായ സൂചനകളുണ്ടായിരുന്നതും ഈ കത്തിലാണ്. ആയുഷ്കാല പരിപാലനച്ചെലവു (ലൈഫ് സൈക്കിൾ കോസ്റ്റ്) വ്യവസ്ഥ കൂ‌ടി ഉൾ‌പ്പെടുത്തുകയെന്ന നിലപാട് ‘വീറ്റോ’ ചെയ്യാനായിരുന്നു ആന്റണിയുടെ തീരുമാനം. 

‘പറക്കുന്ന’ വിവാദം

എൻഡിഎ അധി‌കാരത്തിലെത്തിയതിനു പിന്നാലെ ഫ്രാൻസ് സന്ദർശിച്ച പ്ര‌ധാനമന്ത്രി നരേന്ദ്ര മോദി 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീ‌രുമാനിക്കുകയായിരുന്നു. എച്ച്എഎല്ലിനു പകരം ഒരു സ്വകാര്യ സ്ഥാപനത്തിനു സാങ്കേതികവിദ്യ കൈമാറാനും ധാരണയുണ്ടാക്കി. ‌പരിപാലനവും ആയുധങ്ങളും ഉൾപ്പെടെ ഓരോ വി‌‌മാനത്തിനും 1500 കോടിയിലേറെ രൂപയാണു വില. ഇതിനെല്ലാം പിന്നിൽ ‌പ്രതിപക്ഷം അഴിമതി മണക്കുന്നു.

യുപിഎ വ്യവസ്ഥകൾ

യുപിഎ സർക്കാർ നട‌‌ത്തിയ ചർച്ചകളിലെ ധാരണയനുസരിച്ച് ഒരു റഫാൽ വിമാനത്തിനു 526 കോടി രൂപയായിരുന്നു വില. പരിപാലനം, ആയുധങ്ങൾ, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യതിയാനങ്ങൾ എന്നിവ കൂടാതെയായിരുന്നു ഇത്. ‌

മറ്റു പ്രധാന വ്യവസ്ഥകൾ

∙ 108 വിമാനങ്ങൾ ടിഒടി പ്രകാരം എച്ച്എഎല്ലിൽ നിർമിക്കണം
∙ 50% ഇന്ത്യൻ ഘടകങ്ങളാകണം
∙ 18 വിമാനങ്ങൾ ഫ്രാൻസിൽനിന്നു വാങ്ങണം.

related stories