Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദൻലാലിന്റെ നെഞ്ചിലുണ്ട് കരുതലും സ്നേഹവും

ജമ്മു ∙ പട്ടാള ക്യാംപിനുള്ളിലെ വീട്ടിലേക്ക് ആയുധങ്ങളുമായി ഇരച്ചെത്തിയ ഭീകരർക്കു മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കുമ്പോൾ സുബേദാർ മദൻലാൽ ചൗധരിയുടെ കൈകൾ ശൂന്യമായിരുന്നു. ആയുധമെടുക്കാൻ സമയമില്ല, വീടിനുള്ളിൽ ഭാര്യയും മകളും മറ്റു ബന്ധുക്കളുമുണ്ട്. അവിടേക്ക് ഒരു തീപ്പൊരി പോലും ചെല്ലാതിരിക്കാൻ വാതിലിൽ ഇരുകൈകളും വിരിച്ചുനിന്ന ആ അൻപതുകാരൻ, വെടിയുണ്ടകളൊക്കെ നെഞ്ചിൽ സ്വീകരിച്ചു, മാതൃരാജ്യത്തിനും ഉറ്റവർക്കും വേണ്ടി.

സുൻജ്വാൻ സൈനിക ക്യാംപിൽ ജയ്ഷെ ഭീകരർ നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെസിഒ) മദൻലാലിന്റെ ധീരോചിതമായ ഇടപെടൽ ഇല്ലാതാക്കിയതു വൻദുരന്തമാണ്. ഭീകരർ പാഞ്ഞുകയറിയ വീടുകളിലൊന്നായിരുന്നു മദൻലാലിന്റേത്. വ്യോമസേനയിൽ ഉദ്യോഗസ്ഥനായ ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഷോപ്പിങ്ങിനു കത്തുവ ജില്ലയിലെ ബക്രയിലുള്ള കുടുംബം അവിടെ എത്തിയിരുന്നു.

മകളും ഭാര്യയും ഉൾപ്പെടെയുള്ളവർ വീടിനുള്ളിലുണ്ടായിരുന്നുവെന്നു സഹോദരൻ സുരിന്ദർ ചൗധരി പറഞ്ഞു. സുരിന്ദറിന്റെ നേതൃത്വത്തിൽ മറ്റുള്ളവരെ വീടിന്റെ പിൻഭാഗത്തുകൂടി പുറത്തിറക്കി. ഇതിനിടെ മദൻലാലിന്റെ മകൾ ഇരുപതുകാരി നേഹയുടെ കാലിനു വെടിയേറ്റു. സഹോദര ഭാര്യ പരംജീതിനും പരുക്കേറ്റു. വർഷങ്ങൾക്കു മുൻപ്, പാക്ക് അധീന കശ്മീരിൽനിന്ന് അഭയാർഥികളായി എത്തിയവരാണു മദൻലാലിന്റെ മാതാപിതാക്കൾ. സഹോദരൻ കരസേനയിൽനിന്നു വിരമിച്ചു. മകൻ അൻകുഷ് കരസേനയിൽ ക്യാപ്റ്റനാണ്. മറ്റൊരു ബന്ധു സന്ദീപ് വ്യോമസേനയിലും.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു!

ജമ്മു ∙ സുൻജ്വാൻ സൈനിക ക്യാംപിലെ ആക്രമണത്തിൽ പരുക്കേറ്റ ഗർഭിണി പെൺകുഞ്ഞിനു ജന്മം നൽകി; സൈനികാശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ശനിയാഴ്ച പുലർച്ചെയാണു മുപ്പത്തിയഞ്ചുകാരിയായ ഗർഭിണിക്കു വെടിയേറ്റത്. ഉടൻ തന്നെ ഹെലികോപ്റ്ററിൽ സൈനികാശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന് 2.5 കിലോഗ്രാം ഭാരമുണ്ട്. ‘അദ്ഭുതപ്പിറവി’ എന്ന അടിക്കുറിപ്പോടെ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടർമാർ ഉടൻ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.

സൈന്യത്തിന് പിന്തുണയുമായി നാട്ടുകാർ

സുൻജ്വാൻ ∙ ക്യാംപിനുള്ളിൽ ഒളിച്ച ഭീകരരെ തുരത്താൻ സൈന്യം പോരാടുമ്പോൾ പുറത്തു പിന്തുണയുമായി നാട്ടുകാർ. സുൻജ്വാൻ സൈനിക ക്യാംപിനു പുറത്തുണ്ടായിരുന്ന നൂറുകണക്കിനു സൈനിക – അർധസൈനിക ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും ചായയും ലഘുഭക്ഷണവും ശുദ്ധജലവും നൽകിയതു പ്രദേശവാസികളാണ്. ഏറ്റുമുട്ടൽ നടന്ന, ജമ്മു–പഠാൻകോട്ട് ബൈപാസിലുള്ള സൈനിക ക്യാംപിനു മുന്നിൽ രണ്ടുദിവസമായി വൻ സൈനിക സന്നാഹമാണുള്ളത്. ഇതിനൊപ്പം അനേകം മാധ്യമപ്രവർത്തകരുമുണ്ട്.

സൈന്യത്തിനൊപ്പം രാജ്യത്തിനു വേണ്ടി തങ്ങളാലാവുന്നത് എന്ന ലക്ഷ്യത്തോടെയാണ്, എല്ലാ വീടുകളിൽനിന്നുമായി സമാഹരിച്ച ബിസ്കറ്റും ചായയും മറ്റു ലഘുഭക്ഷണവും വിതരണം ചെയ്തതെന്നു നേതൃത്വം നൽകിയ സഞ്ജീവ് മൻമോത്ര പറഞ്ഞു.

അതിനിടെ, സുൻജ്വാൻ ഭീകരാക്രമണത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹു‍ൽ ഗാന്ധി അപലപിച്ചു. വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച രാഹുൽ, രാഷ്ട്രീയത്തിന് അതീതരായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭ്യർഥിച്ചു.