Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു ജവാനുകൂടി വീരമൃത്യു

kashmir ശ്രീനഗറിലെ കരൺനഗർ സിആർപിഎഫ് ക്യാംപിനു സമീപം ഒളിച്ച ഭീകരരെ നേരിടാനെത്തിയ ഇന്ത്യൻ സൈന്യം ക്യാംപിനുള്ളിലെ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു.

ജമ്മു/ശ്രീനഗർ/ന്യൂഡൽഹി ∙ 48 മണിക്കൂറിനിടെ കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സിആർപിഎഫ് ജവാനു വീരമൃത്യു. ഏറ്റുമുട്ടൽ തുടരുന്നു. ഈ ആക്രമണത്തിന്റെയും ജമ്മുവിലെ സുൻജ്വാൻ കരസേനാ താവളത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന്റെയും ഉത്തരവാദിത്തം ലഷ്‌കറെ തയിബ ഏറ്റെടുത്തെങ്കിലും ജയ്ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്നും ഇവർക്കു നിർദേശം കിട്ടിയതു പാക്കിസ്ഥാനിൽനിന്നാണെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

ശ്രീനഗറിലെ കരൺനഗറിലെ സിആർപിഎഫ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ വെടിവയ്പിലാണ് ഇന്നലെ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടത്. പുലർച്ചെ നാലരയോടെ സിആർപിഎഫ് 23–ാം ബറ്റാലിയൻ ആസ്ഥാനത്തെ സൈനികൻ, എകെ 47 തോക്കുകളുമായി എത്തിയ ഭീകരരെ കണ്ടു. ഇവർക്കു നേരെ സൈനികൻ വെടിയുതിർത്തെങ്കിലും രക്ഷപ്പെട്ടു. തുടർന്നു പ്രദേശത്തു പരിശോധന നടത്തിയ സൈനികസംഘത്തിനു നേരെ ഗോൾ മാർക്കറ്റ് പരിസരത്തു വച്ച് ഭീകരർ വെടിവച്ചപ്പോഴാണു ജവാൻ കൊല്ലപ്പെട്ടത്. സൈനികർ തിരികെ വെടിവച്ചു. സിആർപിഎഫ് കേന്ദ്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ ഓടിക്കയറിയ ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്.

അഞ്ചു സൈനികരാണു സുൻജ്വാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ലഷ്കർ തലവൻ മെഹ്മൂദ് ഷാ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പത്രക്കുറിപ്പിറക്കി. തങ്ങളോടൊപ്പം ജയ്ഷെ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദീന്റെയും അണികൾ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിനു സജ്ജരാണെന്നും മെഹ്മൂദ് ഷാ ഭീഷണി മുഴക്കിയിട്ടുണ്ട്.

എന്നാൽ, ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ആണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. ഈ ആക്രമണത്തിനു പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്ന് അവർ പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പാക്കിസ്ഥാനുമായി ചർച്ച നടത്തുകയാണു വേണ്ടതെന്ന കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമർശവും യോഗം ചർച്ച ചെയ്തു.

പഠാൻകോട്ടിലും പാഠം പഠിച്ചില്ല

കശ്മീരിൽ തുടരെത്തുടരെ സൈനിക, അർധസൈനിക ക്യാംപുകൾക്കു നേരെ ആക്രമണം നടക്കുന്നത് അതീവ ഗൗരവതരമായ സ്ഥിതിവിശേഷമാണു സൃഷ്ടിച്ചിരിക്കുന്നത്. പഠാൻകോട്ട് സൈനികത്താവളത്തിൽ നടന്ന ആക്രമണത്തിനു ശേഷവും മതിയായ സുരക്ഷാ നടപടികൾ എടുത്തിരുന്നില്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. കശ്മീരിൽ ഇതുവരെ ജമ്മു ഭാഗത്ത് ഭീകരാക്രമണങ്ങൾ നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ഭീകരർ ജമ്മുവിനെയും ലക്ഷ്യമിടുകയാണ്.

സുൻജ്വാനിൽ ഭീകരർക്കു നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നുവെന്നു മന്ത്രി നിർമല സീതാരാമൻ പറയുന്നു. ഇതേസമയം കേന്ദ്രസർക്കാരും കശ്മീർ സർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്ത സ്വരങ്ങളിൽ സംസാരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. പാക്കിസ്ഥാനുമായി ചർച്ച വേണമെന്നാണു മുഖ്യമന്ത്രി മെഹ്ബൂബ ആവശ്യപ്പെടുന്നത്. ഇതു പറയുന്നതു കാരണം തന്നെ ദേശദ്രോഹിയായി ചിത്രീകരിച്ചാലും സാരമില്ലെന്നും അവർ പറയുന്നു.