Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിപ്പുരിലെ വ്യാജ ഏറ്റുമുട്ടൽ കേസുകൾ: സിബിഐ അന്വേഷണത്തിൽ സുപ്രീംകോടതിക്ക് അതൃപ്തി

ന്യൂഡൽഹി ∙ മണിപ്പുരിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെക്കുറിച്ചു സിബിഐയുടെ പ്രത്യേക സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിയിൽ സുപ്രീം കോടതി തികഞ്ഞ അതൃപ്തി പ്രകടിപ്പിച്ചു. സൈന്യം, അസം റൈഫിൾസ്, പൊലീസ് എന്നിവർ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നാരോപിക്കുന്ന 42 കേസുകളിൽ 17 എണ്ണത്തിന്റെ തുടർന്നുള്ള അന്വേഷണത്തിൽ എസ്ഐടി, ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിയോഗിക്കുന്ന മൂന്നംഗ സംഘത്തോടു സഹകരിച്ചു പ്രവർത്തിക്കണമെന്നും ജസ്റ്റിസ് മദൻ ബി. ലോക്കൂർ, യു.യു.ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

മണിപ്പുരിൽ നടന്ന 1,528 ‘ഏറ്റുമുട്ടൽ മരണങ്ങൾ’ സംബന്ധിച്ച പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിനായി എസ്ഐടിക്കു രൂപം നൽകാൻ കഴിഞ്ഞ വർഷം ജൂലൈ 14ന് കോടതി ഉത്തരവിട്ടിരുന്നു. അഞ്ച് സിബിഐ ഓഫിസർമാർ ഉൾപ്പെട്ട സംഘം 42 കേസുകൾ റജിസ്റ്റർ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്നലെ കോടതിയെ അറിയിച്ചു.

തുടർന്നു സംഘം നൽകിയ റിപ്പോർട്ട് പരിശോധിച്ച കോടതി, വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ പേരിൽ എങ്ങനെ പ്രഥമവിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തുവെന്ന് ആരാഞ്ഞു. ‘സിബിഐ സത്യം കണ്ടെത്തണമെന്നാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് എന്തന്വേഷണമാണ്? എസ്ഐടിയുടെ പ്രവർത്തനത്തിൽ‌ ഞങ്ങൾ തൃപ്തരല്ല. കാര്യമായ കുഴപ്പമുണ്ടെന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.’– ബെഞ്ച് പറഞ്ഞു.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന് സിബിഐ ഡയറക്ടറുടെ അംഗീകാരമുണ്ടെന്നു രേഖപ്പെടുത്താത്തതിലും ജഡ്ജിമാർ അസന്തുഷ്ടി പ്രകടിപ്പിച്ചു. കേസ് മാർച്ച് 12ലേക്കു മാറ്റി.

related stories