Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിയൽ രേഖ ചോദിക്കുന്നതിൽ അപാകതയുണ്ടോയെന്ന് സുപ്രീം കോടതി

 Supreme Court

ന്യൂഡൽഹി ∙ പൗരന്മാരോടു തിരിച്ചറിയൽ രേഖ ചോദിക്കാൻ സർക്കാരിന് അവകാശമില്ലേ?– ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച ചോദ്യം ഇതായിരുന്നു. വ്യക്തിയെ തിരിച്ചറിയേണ്ടതായുള്ള സന്ദർഭങ്ങളിൽ രേഖ ചോദിക്കുന്നതിൽ അപാകതയുണ്ടോ? നിങ്ങൾ ആരാണ് എന്നു വ്യക്തമാക്കുന്നതിന് എന്തെങ്കിലും ഏർപ്പാടു വേണ്ടേ?–കോടതി ചോദിച്ചു.

ആധാറിന്റെയും ഇതു സംബന്ധിച്ച് 2016ൽ പാസ്സാക്കിയ നിയമത്തിന്റെയും ഭരണഘടനാ സാധുതയെ സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. വ്യക്തിയുടെ പ്രധാനപദവി പൗരനാണ് എന്നതാണെന്നും അല്ലാതെ ആധാറുള്ള ആളാണോ എന്നതല്ല എന്നുമായിരുന്നു വാദം.

ഒരു സ്ത്രീ വിധവയാണെങ്കിൽ പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശം അവർ വിധവയാണ് എന്നതാണെന്നും അല്ലാതെ തിരിച്ചറിയൽ രേഖയല്ലെന്നും ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ കബിൽ സിബൽ ചൂണ്ടിക്കാട്ടി. മാത്രവുമല്ല ആധാറിലൂടെത്തന്നെ നിങ്ങൾ ആരെന്നു തെളിയിക്കണമെന്നു നിർബന്ധിക്കാനുമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ തെളിവു താൻ പൗരനാണ് എന്നതു തന്നെ. നിയമം ലംഘിക്കുന്നവരെ നിയന്ത്രിക്കുന്നതിനു ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകൾ നിയമമാക്കി നിയമം അനുസരിക്കുന്ന പൗരന്മാരെ വിഷമിപ്പിക്കണമെന്നല്ല– കബിൽ സിബൽ പറഞ്ഞു. വാദം 15നു തുടരും.