Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറെടുക്കാതെ ആറാം വിരൽ

നാസിക് (മഹാരാഷ്ട്ര)∙ ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃതിക് റോഷന് ആറാം വിരൽ ഗ്ലാമർ കൂട്ടുമായിരിക്കാം. എന്നാൽ സാധാരണക്കാരനായ ഗുരുദയാൽ തൃഖയ്ക്കു തന്റെ ഇടതു കയ്യിലെ ആറാം വിരൽ അധികപ്പറ്റാണ്. തള്ളവിരലിനോടു ചേർന്നുള്ള അധിക വിരൽ മൂലം, ആധാർ കാർഡിനായി വിരലടയാളം എടുക്കാനാകാതെ അലഞ്ഞത് എട്ടു മാസം.

അധികവിരൽ ചേർന്നിരിക്കുന്നതു കാരണം തള്ളവിരൽ അടയാളം എടുക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞ് ആധാർ റജിസ്ട്രേഷൻ കേന്ദ്രങ്ങൾ കയ്യൊഴിഞ്ഞു. ഒരു മറാത്തി ചാനൽ അതു വാർത്തയാക്കിയതോടെയാണു പ്രശ്നത്തിനു പരിഹാരമായത്. വിരലടയാളം സ്വീകരിക്കപ്പെട്ടതോടെ ഇനി ആധാർ കാർഡ് തപാലിൽ വരുന്നതും കാത്തിരിപ്പാണ് ഈ മുപ്പത്തിയാറുകാരൻ.