Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ–ഇന്ത്യ 13 കരാറുകൾ ഒപ്പിട്ടു; ഭീകരതയ്ക്കെതിരെ സഹകരണം

kovind-rouhani-modi ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ന്യൂഡൽഹിയിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പം. ചിത്രം: റോയിട്ടേഴ്സ്

ന്യൂഡൽഹി ∙ സുരക്ഷ, പ്രതിരോധം, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും ഇറാനും 13 കരാറുകൾ ഒപ്പിട്ടു. ഇരുരാജ്യങ്ങളും ഭീകരതയ്ക്കെതിരെ കർക്കശ നിലപാടു പ്രഖ്യാപിച്ചു. ഭീകരത, തീവ്രവാദം, ലഹരിമരുന്നു വ്യാപാരം, രാജ്യാന്തര കുറ്റകൃത്യങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ അമർച്ച ചെയ്യും – ഉഭയകക്ഷി ചർച്ചകൾക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും പറഞ്ഞു.

മേഖലയിലെ പ്രശ്നങ്ങൾക്കു രാഷ്ട്രീയ ചർച്ചകളിലൂടെയും നയതന്ത്രമാർഗങ്ങളിലൂടെയും പരിഹാരം കാണണമെന്നു റുഹാനി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സുസ്ഥിരത മേഖലയുടെ സമാധാനത്തിന് അനിവാര്യമാണെന്നതിനോട് ഇരു നേതാക്കളും യോജിച്ചു. ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്ന ചബഹാർ തുറമുഖത്തിന്റെ ആദ്യഘട്ടം, ഇരട്ട നികുതിയൊഴിവാക്കൽ, ആദായനികുതി വെട്ടിപ്പ്, കുറ്റവാളികളുടെ കൈമാറ്റം, നയതന്ത്രജ്ഞർക്കു വീസ ഒഴിവാക്കൽ, പരമ്പരാഗത ഔഷധ മേഖല, ഉഭയകക്ഷി വ്യാപാര വിദഗ്ധസമിതി എന്നിവയടക്കം 13 കരാറുകളാണ് ഒപ്പിട്ടത്.

എണ്ണ, പ്രകൃതിവാതക മേഖലയിലും പരസ്പരബന്ധം മെച്ചപ്പെടുത്താൻ ധാരണയായെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റ് രണ്ടു ദിവസം ഹൈദരാബാദിൽ ചെലവഴിച്ച ശേഷമാണു ഡൽഹിയിലെത്തിയത്. രാഷ്ട്രപതിഭവനിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച റൂഹാനി, രാഷ്ട്രപതി റാം നാഥ് കോവിന്ദുമായും ചർച്ച നടത്തി. 2013ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള റൂഹാനിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണ്.

related stories