Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകൾ അന്വേഷണപരിധിയിൽ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസന്വേഷണം വിവിധ ബാങ്കുകളുടെ വിദേശ ശാഖകളിലേക്കും. പിഎൻബി അനധികൃതമായി നൽകിയ ജാമ്യപത്രങ്ങൾ (ലെറ്റർ ഓഫ് അണ്ടർടേക്കിങ് – എൽഒയു) സ്വീകരിച്ച് നീരവ് മോദിക്കും കൂട്ടാളികൾക്കും വായ്പ നൽകിയ അലഹബാദ് ബാങ്ക്, എസ്ബിഐ, യൂണിയൻ ബാങ്ക്, യൂകോ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ഹോങ്കോങ് ശാഖകളും തട്ടിപ്പിൽ പങ്കാളികളാണെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.

ജ്വല്ലറികൾക്കു നൽകുന്ന ജാമ്യപത്രങ്ങളുടെ കാലാവധി നിയമപ്രകാരം 90 ദിവസമായിരിക്കെ, നീരവിനും സംഘത്തിനും നൽകിയ ജാമ്യപത്രങ്ങളുടെ കാലാവധി ഒരു വർഷമായിരുന്നു. ഈ ജാമ്യപത്രങ്ങളുടെ അടിസ്ഥാനത്തിലാണു വിദേശ ശാഖകൾ നീരവിന്റെ സ്ഥാപനങ്ങൾക്കു വായ്പ നൽകിയത്.

കാലാവധി സംബന്ധിച്ച ഈ ക്രമക്കേട് ഹോങ്കോങ്ങിലെ ബാങ്ക് ശാഖകളിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടില്ല എന്നത് അസ്വാഭാവികമാണെന്നു സിബിഐ കരുതുന്നു. കഴിഞ്ഞ മാസം പിഎൻബി അനധികൃത ജാമ്യപത്രങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ മാത്രമാണു വൻ തട്ടിപ്പു പുറത്തുവന്നത്.