Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി പാക്ക് ആകാശത്തു പറന്നു; ഈടാക്കിയത് 2.86 ലക്ഷം

Narendra Modi

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകൾക്കു പോയ വ്യോമസേനാ വിമാനം പാക്കിസ്ഥാനു മുകളിലൂടെ സഞ്ചരിച്ചതിനു കൊടുക്കേണ്ടിവന്നതു 2.86 ലക്ഷം രൂപ. റൂട്ട് നാവിഗേഷൻ ചാർജ് എന്ന പേരിലാണു തുക ഈടാക്കിയിരിക്കുന്നത്.

2016 ജൂൺ വരെ പ്രധാനമന്ത്രി 11 വിദേശയാത്രകൾക്കു വ്യോമസേനാ വിമാനമാണ് ഉപയോഗിച്ചിരുന്നത്. ചെലവു വഹിച്ചിരുന്നതു വിദേശകാര്യ മന്ത്രാലയവും. ഇത്തരമൊരു യാത്രയ്ക്കിടെ റഷ്യ, അഫ്ഗാനിസ്ഥാൻ യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ – 2015 ഡിസംബർ 25നു പ്രധാനമന്ത്രി മോദി പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ക്ഷണം സ്വീകരിച്ചു ലഹോറിലിറങ്ങി ഷരീഫിന്റെ റായിവിൻഡ് വസതിയിൽ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷരീഫ് വിമാനത്താവളത്തിലെത്തി മോദിയെ കെട്ടിപ്പിടിച്ചു സ്വീകരിച്ചിരുന്നു. ഇതിനു റൂട്ട് നാവിഗേഷൻ ചാർജായി നൽകേണ്ടിവന്നത് 1.59 ലക്ഷം രൂപ.

2016 മേയിൽ ഇറാൻ സന്ദർശനത്തിനു പോയപ്പോൾ പാക്കിസ്ഥാനു മുകളിലൂടെ പറന്നതിന് 77,215 രൂപ ചാർജ്. 2016 ജൂണിൽ ഖത്തർ സന്ദർശനത്തിനു പോയതിന് 59,215 രൂപ. വിവരാവകാശ നിയമപ്രകാരം കമ്മഡോർ (റിട്ട) ലോകേഷ് ബത്ര ആവശ്യപ്പെട്ടപ്പോൾ ലഭിച്ച വിവരമാണിത്. ഇതനുസരിച്ചു 2014–16 കാലയളവിൽ പ്രധാനമന്ത്രി വിദേശയാത്രയ്ക്കു വ്യോമസേനാ വിമാനം ഉപയോഗിച്ചതിനു രണ്ടുകോടി രൂപ ചെലവായിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രയ്ക്ക് എയർ ഇന്ത്യ വിമാനം വാടകയ്ക്കെടുക്കുകയാണു പതിവ്.

related stories