Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണ്ടയ്ക്ക് പൊലീസ് സ്റ്റേഷനിൽ പിറന്നാളാഘോഷം; കേക്ക് മുറിച്ചു നൽകിയത് ഇൻസ്പെക്ടർ

സേലം ∙ കണ്ണൻകുറുശ്ശിയിലെ കുപ്രസിദ്ധ ഗുണ്ട സുശീന്ദ്രന്റെ പൊലീസ് സ്റ്റേഷനിലെ പിറന്നാൾ ആഘോഷത്തിന് കേക്കു മുറിച്ചു നൽകിയത് ഇൻസ്പെക്ടർ. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് കണ്ണൻകുറുശ്ശി സ്റ്റേഷനിലെ ഇൻസ്പെക്ടർ കരുണാകരനെ സിറ്റി കമ്മിഷണർ ശങ്കർ സ്ഥലം മാറ്റി. കണ്ണൻകുറുശ്ശി കൊണ്ടപ്പനായ്ക്കൻപട്ടി സ്വദേശിയാണു സുശീന്ദ്രൻ (29). ഇയാളുടെ പേരിൽ സിറ്റിയിലും മറ്റു പല സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കഴിഞ്ഞ ദിവസം ജാമ്യത്തിൽ പുറത്തിറങ്ങിയ സുശീന്ദ്രന്റെ കൂട്ടുകാരാണു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ഇവർ പിന്നീട് കണ്ണൻകുറുശ്ശി പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇൻസ്പെക്ടർ കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ഇവിടത്തെ ആഘോഷം. കേക്ക് മുറിച്ച് സുശീന്ദ്രന്റെ വായിലേക്ക് ഇൻസ്പെക്ടർ കേക്ക് വച്ചുകൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നതോടെയാണ് ആഘോഷം വിവാദമായത്.

വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ട പി.ബിനുവിന്റെ 40ാം ജന്മദിന പാ‍ർട്ടി ചെന്നൈയിലെ അമ്പത്തൂർ മലയമ്പാക്കത്തു സംഘടിപ്പിച്ച വേദിയിൽ നിന്നു 73 ഗുണ്ടകളെ പൊലീസ് വളഞ്ഞുപിടികൂടിയത് കഴിഞ്ഞ ഏഴിനാണ്. അന്ന് ബിനു വടിവാൾ കൊണ്ടാണു കേക്ക് മുറിച്ചത്.