Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനെ കിട്ടാൻ ഒരിടത്തു കല്യാണം, മകളെ കിട്ടിയതിന് ഒരിടത്തു കൊലപാതകം

Sukhram-Bhairav സുഖ്റാം ബൈരവ

ജയ്പുർ∙ ആൺകുട്ടിയെ കിട്ടാൻ എൺപത്തിമൂന്നുകാരന്റെ രണ്ടാം വിവാഹം. മുപ്പതുകാരിയായ സ്ത്രീയെ ആണു വധുവാക്കിയിരിക്കുന്നത്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണു വിവാഹമെന്നു പറയുമ്പോഴും ഇതു നിയമവിരുദ്ധമായതിനാൽ കരൗലി ജില്ലയിലെ സാംരാധ ഗ്രാമത്തിൽനിന്നുള്ള സുഖ്റാം ബൈരവ പുലിവാലു പിടിക്കുന്ന ലക്ഷണമാണ്. ഇങ്ങനൊരു വിവാഹം നടന്നതായി തങ്ങൾക്കൊന്നുമറിയില്ലെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ 12 അയൽഗ്രാമങ്ങളിൽനിന്നുമുള്ള ആളുകൾ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. കുതിരപ്പുറത്തേറി ഘോഷയാത്രയായാണു വരൻ കല്യാണപ്പന്തലിലേക്ക് എത്തിയതും.

ആദ്യ വിവാഹത്തിൽ ബൈരവന് ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ 20 വർഷം മുൻപു മരിച്ചു. സാമാന്യം തരക്കേടില്ലാത്ത ഭൂസ്വത്തുക്കൾ ഉള്ള ഇദ്ദേഹത്തിന്റെ പെൺമക്കളെ രണ്ടുപേരെയും വിവാഹം കഴിച്ച് അയച്ചതുമാണ്. ഒരു മകനെ കിട്ടിയാൽ തരക്കേടില്ല എന്നു ഭാര്യ ബാട്ടോയ്ക്കും തോന്നിയതോടെയാണു രണ്ടാം കല്യാണം യാഥാർഥ്യമായത്. ഒരു മകനെ കിട്ടുക എന്നതുമാത്രമാണു കല്യാണത്തിന്റെ ലക്ഷ്യമെന്നു ബൈരവൻ പറയുന്നു. സ്വത്തിന് ഒരവകാശി വേണം. രാജസ്ഥാനിൽ വിസ്തൃതമായ കൃഷി ഭൂമിക്കു പുറമേ ഡൽഹിയിലും വസ്തുക്കളുണ്ട്.

മകൾക്ക് അച്ഛൻ വിധിച്ചതു മരണം

ബൽറാംപുർ∙ ആൺകുട്ടിക്കു പകരം പെൺകുട്ടിയുണ്ടായതിൽ കുപിതനായി ഒരു മാസം പ്രായമായ കുഞ്ഞിനെ പിതാവ് കൊന്നു. ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണു കുഞ്ഞു മരിച്ചുകിടക്കുന്നതു മാതാവ് സംഗീത കണ്ടത്. എതിർത്ത സംഗീതയെ ഭർത്താവ് രാജേഷ് ചൗഹാൻ പൊതിരെ തല്ലി. രാജേഷും ബന്ധുക്കളും ചേർന്നു സംഗീതയെ മുറിയിൽ പൂട്ടിയിട്ടശേഷം കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്തു. വീട്ടിൽ നിന്നു രക്ഷപ്പെട്ടോടിയ സംഗീത പൊലീസിനെ വിവരമറിയിച്ചു. രാജേഷിനെയും മൂന്നു ബന്ധുക്കളെയും പ്രതികളാക്കി പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരെ പിടികിട്ടിയിട്ടില്ല.