Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിയെ അറസ്റ്റ് ചെയ്തത് വൻ അഴിമതികളിൽനിന്ന് ശ്രദ്ധ തിരിക്കാൻ: കോൺഗ്രസ്

PTI8_23_2017_000003B

ന്യൂഡൽഹി ∙ പി.ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ സർക്കാരിന്റെ കളിപ്പാവയായ സിബിഐ രംഗത്തെത്തിയിരിക്കുന്നതു വൻ കുംഭകോണങ്ങളി‍ൽ നിന്നു രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ അഴിമതി വിരുദ്ധ മുഖംമൂടി തകർന്നു.

കഴിഞ്ഞ 45 മാസത്തിനുള്ളിൽ ഒരു തട്ടിപ്പുകാരനെതിരെ പോലും നടപടിയെടുത്തിട്ടില്ല. ലളിത് മോദിയെന്ന കൊച്ചു മോദി നമ്പർ വൺ, വിജയ് മല്യ, നീരവ് മോദിയെന്ന കൊച്ചു മോദി നമ്പർ ടു, മെഹുൽ ചോക്സി എന്നിവർ പണവുമായി നാടു വിട്ടു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 31,691 കോടി രൂപയുടെ ജൻധൻ കൊള്ളയാണു നടന്നത് – കോൺഗ്രസ് മാധ്യമവിഭാഗം മേധാവി രൺദീപ് സിങ് സുർജേവാല, വക്താവ് ശക്തിസിങ് ഗോഹിൽ എന്നിവർ ആരോപിച്ചു.

നീരവ് മോദിയും ചോക്സിയും വഴി പഞ്ചാബ് നാഷനൽ ബാങ്കിനുണ്ടായ നഷ്ടം 22,606 കോടി രൂപയാണ്. ആഭരണ പദ്ധതികളുടെ പേരിൽ സാധാരണക്കാരെ കബളിപ്പിച്ചത് 5,000 കോടി രൂപ. ഓഹരിയിടിവു കാരണം പഞ്ചാബ് നാഷനൽ ബാങ്കിനു നഷ്ടപ്പെട്ടത് 13,000 കോടി രൂപ. റോട്ടോമാക്, ദ്വാരക ദാസ് തട്ടിപ്പുകളിലുണ്ടായ നഷ്ടം 4000 കോടി. ഇതേസമയം, എഫ്ഐആറിൽ പ്രതിയല്ലാതിരുന്നിട്ടും കാർത്തി ചിദംബരത്തിനെതിരെ നടപടിയെടുക്കുന്നു. പി.ചിദംബരം, കാർത്തി, കുടുംബാംഗങ്ങൾ തുടങ്ങി ആരും ഓഹരിയുടമകളോ നിക്ഷേപകരോ അല്ലാത്ത കമ്പനികളുമായി ബന്ധപ്പെട്ട കേസിൽ രാഷ്ട്രീയ പകപോക്കലാണു സർക്കാർ നടത്തുന്നത് – നേതാക്കൾ പറഞ്ഞു.