Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശനാണ്യ വിനിമയചട്ട ലംഘനം: കാർത്തി ചിദംബരം അറസ്റ്റിൽ

INDA-MINISTER/

ന്യൂഡൽഹി ∙ വിദേശനാണ്യ വിനിമയചട്ട ലംഘനവുമായി ബന്ധപ്പെട്ട ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ, മുൻ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ (46) ഒരു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ലണ്ടനിൽനിന്നു തിരിച്ചെത്തുംവഴി ചെന്നൈ വിമാനത്താവളത്തിലാണ് ഇന്നലെ രാവിലെ സിബിഐ അറസ്റ്റ് ചെയ്തത്. മറ്റൊരു വിമാനത്തിൽ ന്യൂഡൽഹിയിൽ എത്തിച്ച കാർത്തിയെ വൈകിട്ടു കോടതിയിൽ ഹാജരാക്കി.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ൽ ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടിരൂപ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്, വിദേശനിക്ഷേപ പ്രമോഷൻ ബോർഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങൾ ലംഘിച്ചെന്നാണു കേസ്. ഇക്കാര്യത്തിൽ കാർത്തി വഴിവിട്ടു സഹായിച്ചെന്നും കമ്മിഷൻ വാങ്ങിയെന്നുമാണ് ആരോപണം.

ഐഎൻഎക്സ് മീഡിയ ഉടമസ്ഥരായിരുന്ന പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി എന്നിവർ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ വർഷം മേയ് 15നു സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സാമ്പത്തിക തട്ടിപ്പു കേസും റജിസ്റ്റർ ചെയ്തിരുന്നു.

വിദേശ ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതു തടയാൻ കാർത്തിക്കു വിദേശയാത്രാ വിലക്കുണ്ടായിരുന്നു. എന്നാൽ, കേംബ്രിജിലെ കോളജിൽ മകളുടെ പ്രവേശന നടപടികൾക്കായി ലണ്ടനിൽ പോകാൻ നവംബറിൽ സുപ്രീം കോടതി അനുമതി നൽകി. ബിസിനസ് ആവശ്യങ്ങൾക്കു വിദേശത്തു പോകാൻ മദ്രാസ് ഹൈക്കോടതിയും അനുമതി നൽകിയിരുന്നു.

കേസിൽ തന്റെ മകനു പങ്കില്ലെന്നു പി.ചിദംബരം പ്രതികരിച്ചു. മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മറയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ഇപ്പോഴത്തെ അറസ്റ്റെന്നു കോൺഗ്രസ് മാധ്യമവിഭാഗം മേധാവി രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു.