Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിയെ കുടുക്കിയത് ഇന്ദ്രാണിയുടെ മൊഴി

karti-chidambaram

ന്യൂഡൽഹി∙ ഇന്നലെ പ്രത്യേക സിബിഐ കോടതിയിൽവച്ചു മകൻ കാർത്തിയോടു മുൻ‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം പറഞ്ഞു: ‘വിഷമിക്കേണ്ട, ഞാനിവിടെയുണ്ട്.’ കാർത്തിക്കു പിന്നാലെ ലണ്ടനിൽനിന്ന് ഇന്നലെ എത്തിയ ചിദംബരത്തെയും സിബിഐ അറസ്റ്റുചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ചിദംബരം ആവശ്യപ്പെട്ട പ്രകാരമാണു കാർത്തിക്ക് െഎഎൻഎക്സ് മീഡിയ കോഴ നൽകിയതെന്നാണു സിബിഐയുടെ ആരോപണം.

സിബിഐ കേസ് എന്ത്?

സിബിഐ കഴിഞ്ഞ മേയിൽ റജിസ്‍റ്റർ‍ ചെയ്ത എഫ്ഐആറിൽ പേരെടുത്തു പറയുന്നതു നാലു വ്യക്തികളെയാണ്: െഎഎൻഎക്സ് മീഡിയയുടെ ഡയറക്ടർ‍ ഇന്ദ്രാണി മുഖർജി, െഎഎൻഎക്സ് ന്യൂസിന്റെ ഡയറക്ടർ‍ പീറ്റർ മുഖർജി, കാർത്തി ചിദംബരം, കാർത്തിയുടെ പരോക്ഷ നിയന്ത്രണത്തിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ പത്മ ഭാസ്കരരാമൻ. കാർത്തിയുടെ സ്ഥാപനമായ ചെസ് മാനേജ്മെന്റ് സർവീസസും പരാമർശിക്കപ്പെടുന്നു.

∙വിദേശ നിക്ഷേപ പ്രോത്സാഹന ബോർ‍ഡിന് (എഫ്െഎപിബി) 2007 മാർ‍ച്ച് 13നു നൽകിയ അപേക്ഷയിൽ രണ്ടു കാര്യങ്ങൾ െഎഎൻ‍എക്സ് മീഡിയ ഉന്നയിച്ചു: 46.2% ഓഹരിക്കു തുല്യമായ തുക വിദേശത്തുനിന്നു നിക്ഷേപമായി സ്വീകരിക്കാൻ അനുവദിക്കണം, 26% ഐഎൻഎക്സ് ന്യൂസിൽ മുടക്കാൻ‍ അനുവദിക്കണം. നിക്ഷേപം സ്വീകരിക്കാൻ എഫ്െഎപിബി അനുവദിച്ചു. ഐഎൻഎക്സ് ന്യൂസിൽ നിക്ഷേപം നടത്തുന്നതിനു വേറെ അപേക്ഷ നൽകാൻ നിർദേശിച്ചു.

∙ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ‍ കണ്ടെത്തിയത് ഓഹരി വില കണക്കാക്കുമ്പോൾ‍ വിദേശത്തുനിന്നു 4.62 കോടി രൂപയുടെ നിക്ഷേപം വാങ്ങാനായിരുന്നു അനുമതി എന്നാണ്. എന്നാൽ‍, വാങ്ങിയതു 305 കോടി രൂപയാണ്. ഓഹരിയൊന്നിന് 862.15 രൂപ എന്ന തോതിലാണ് ഈ തുക. അനുവാദമില്ലാതെ ഐഎൻഎക്സ് ന്യൂസിൽ പണം മുടക്കി. ഇത് ആദായ നികുതി വകുപ്പ്, എഫ്ഐപിബിയെ അറിയിച്ചു. അവർ‍ ഐഎൻഎക്സ് മീഡിയയോടു വിശദീകരണം തേടി.

∙പ്രശ്നം പരിഹരിക്കാൻ െഎഎൻഎക്സ് മീഡിയ കാർത്തിയുടെ സഹായം തേടി. ആദായ നികുതി വകുപ്പിന് എഫ്െഎപിബി മറുപടി നൽകി: 46.2% ഓഹരിക്കു തുല്യമായ വിദേശ നിക്ഷേപത്തിനാണ് അനുമതി നൽകിയത്. ഓഹരി വില വ്യക്തമാക്കിയിരുന്നില്ല. െഎഎൻ‍എക്സ് ന്യൂസിൽ പണം മുടക്കുന്നതിനു പ്രത്യേക അപേക്ഷ നൽകാനും എഫ്ഐപിബി, െഎഎൻ‍എക്സ് മീഡിയയോടു നിർദേശിച്ചു. െഎഎൻ‍എക്സ് ന്യൂസിൽ പണം മുടക്കുന്നതിന് ആദായ നികുതി വകുപ്പിന്റെ നിർദേശം അവഗണിച്ച് എഫ്െഎപിബി അനുമതി നൽകി.

∙െഎഎൻഎക്സ് ന്യൂസിൽ പണം മുടക്കാൻ അനുമതി ലഭ്യമാകുന്നതിനു മുൻപു 3.10 കോടി രൂപ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ്ങും അതിന്റെ അസോഷ്യേറ്റ് കമ്പനികളും ആവശ്യപ്പെട്ടു. പത്തു ലക്ഷം രൂപ 2008 ജൂലൈ 15ന്റെ തീയതിയുള്ള ചെക്കായി െഎഎൻഎക്സ് മീഡിയ നൽകി. മാനേജ്മെന്റ് കൺസൽറ്റൻസിക്കാണ് അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് പണം ആവശ്യപ്പെട്ടതെങ്കിലും, എഫ്ഐപിബിയുടെ ഉത്തരവിനും മറ്റുമെന്നാണ് െഎഎൻഎക്സ് മീഡിയയുടെ രേഖകളിൽ പറഞ്ഞത്.

∙പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴിയിൽ പറഞ്ഞത്, ധനമന്ത്രിയായിരുന്ന ചിദംബരത്തെ ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിലെ ഓഫിസിൽവച്ചു തങ്ങൾ കണ്ടുവെന്നും മകൻ കാർത്തിയെ ബിസിനസിൽ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നുമാണ്. മകനു വിദേശത്തു പണം നൽകണമെന്നും ചിദംബരം ആവശ്യപ്പെട്ടുവെന്നും കാർത്തിയെ ഡൽഹിയിലെ ഹയത്ത് ഹോട്ടലിൽവച്ചു തങ്ങൾ കണ്ടുവെന്നും പീറ്ററും ഇന്ദ്രാണിയും മൊഴി നൽകി. ഹോട്ടലിലെ കൂടിക്കാഴ്ചയിൽ, പത്തു ലക്ഷം ഡോളർ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ്ങിനും ചെസ് മാനേജ്മെന്റിനുമായി നൽകണണമെന്നു കാർത്തി ആവശ്യപ്പെട്ടു. (മകൾ ഷീന ബോറയുടെ കൊലപാതകം സംബന്ധിച്ച കേസിൽ‍ ഇന്ദ്രാണി ജയിലിലാണ്).

∙കാർത്തി പണം ആവശ്യപ്പെട്ടെന്നും ഏഴു ലക്ഷം ഡോളർ വിദേശത്തു നൽകിയെന്നും മജിസ്ട്രേട്ടിന്റെ മുൻപാകെ നൽകിയ മൊഴിയിൽ ഇന്ദ്രാണി പറഞ്ഞതായി സിബിഐ ആരോപിക്കുന്നു. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് എഫ്ഐപിബി അനുമതിക്കായി മറ്റു ചില സ്ഥാപനങ്ങളിൽനിന്നും പണം കൈപ്പറ്റിയതായും എഫ്െഎആറിൽ പറയുന്നു.