Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തി ചിദംബരം ആറു വരെ സിബിഐ കസ്റ്റഡിയിൽ

karti-remad സിബിഐ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവിനെ തുടർന്ന് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ നിന്നു പുറത്തുവരുന്ന കാർത്തി ചിദംബരം.

ന്യൂഡൽഹി∙ വിദേശത്തുനിന്നു നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുൾപ്പെടെ െഎഎൻഎക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനം നടത്തിയ ക്രമക്കേടുകൾ‍ ഒതുക്കാൻ കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തെ ഈ മാസം ആറുവരെ സിബിഐ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.

മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെ മകനായ കാർത്തിയെ ലണ്ടനിൽനിന്നു മടങ്ങുമ്പോൾ കഴിഞ്ഞ ദിവസമാണു ചെന്നൈയിൽ സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരം ധനമന്ത്രിയായിരുന്നപ്പോൾ െഎഎൻഎക്സ് മീഡിയയുടെ ക്രമക്കേടുകൾക്കെതിരെ വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡ് (എഫ്െഎപിബി) നടപടിയെടുക്കുന്നതു കാർത്തി ഇടപെട്ടു തടഞ്ഞുവെന്നു കഴിഞ്ഞ മേയിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ് െഎആർ) റജിസ്റ്റർ ചെയ്ത കേസിൽ സിബിഐ ആരോപിച്ചിരുന്നു.

എന്നാൽ, െഎഎൻഎക്സ് മീഡിയയുടെ വഴിവിട്ട സാമ്പത്തിക ഇടപാടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതു ചിദംബരം ധനമന്ത്രിയായിരുന്നപ്പോഴാണെന്നു കാർത്തിക്കുവേണ്ടി പ്രത്യേക സിബിഐ കോടതി മുൻപാകെ അഭിഷേക് മനു സിങ്‌വി വാദിച്ചു. ചിദംബരവും ഭാര്യ നളിനിയും കോടതിയിലുണ്ടായിരുന്നു. കേസിൽ ചിദംബരത്തിന്റെ കുടുംബ ഓഡിറ്റർ ഭാസ്കരരാമൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഏഴിനു പരിഗണിക്കാൻ മാറ്റി.

കാർത്തിയെ 14 ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്നാണു സിബിഐ ആവശ്യപ്പെട്ടതെങ്കിലും അഞ്ചു ദിവസമാണു കോടതി അനുവദിച്ചത്. നേരത്തേ രണ്ടു തവണ ചോദ്യം ചെയ്തെങ്കിലും വേണ്ടവിധം സഹകരിച്ചില്ലെന്നും അതിനാലാണു കാർത്തിയെ 14 ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും സിബിഐക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

കോടതിമുറിയിൽ കൂടിക്കാഴ്ച

ചിദംബരത്തെയും നളിനിയെയും മകനുമായി കോടതിയിൽ സംസാരിക്കാൻ‍ ജഡ്ജി അനുവദിച്ചു. കാർത്തിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു വീട്ടിൽനിന്നുള്ള ഭക്ഷണം ലഭ്യമാക്കാൻ നിർദേശിക്കണമെന്ന ആവശ്യം ജഡ്ജി നിരസിച്ചു. കാർത്തിയുടെ മാലയും മോതിരവും അഴിച്ചുമാറ്റാൻ നിർദേശിക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

വാദം; മറുവാദം

കാർത്തിക്കുവേണ്ടി ഹാജരായ അഭിഷേക് സിങ്‌വിയുടെ വാദം: െഎഎൻഎക്സ് മീഡിയയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നു മാധ്യമപ്രവർത്തകൻ വീർ സാങ്‌വി 2008ൽ വാർത്താ വിതരണ പ്രക്ഷേപണ (െഎ ആൻഡ് ബി) മന്ത്രാലയത്തിനു പരാതി നൽകി. ഇത് െഎ ആൻഡ് ബി മന്ത്രാലയം, ധനമന്ത്രാലയത്തിനു കൈമാറി. ധനമന്ത്രി ചിദംബരം കോർപറേറ്റ്കാര്യ മന്ത്രാലയത്തിനു നൽകി; ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കുന്ന ഓഫിസ് (എസ്എഫ്ഐഒ) വിഷയം അന്വേഷിച്ചു. അതിന്റെ റിപ്പോർട്ട് രണ്ടാം യുപിഎ സർക്കാരിന്റെ ഭരണകാലത്ത്, 2013ൽ പുറത്തുവന്നതാണ്.

സിബിഐക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം: െഎഎൻഎക്സിന് ആദ്യം എഫ്െഎപിബി അനുമതി നൽകിയതു 2007 മേയിലാണ്. പരാതി ധനനമന്ത്രി കോർപറേറ്റ്കാര്യ മന്ത്രാലയത്തിനു വിട്ടതു 2008 ഏപ്രിലിലാണ്. 2008 ജൂൺ മുതലാണു കാർത്തിക്കു കോഴ ലഭിച്ചത്; 2008 നവംബർ രണ്ടിന് െഎഎൻഎക്സിന് എഫ്െഎപിബിയിൽനിന്നു രണ്ടാമത്തെ അനുമതി ലഭിച്ചു. 2008 ഏപ്രിലിൽ സംഭവിച്ചതു സമ്മർദ തന്ത്രമായിരുന്നോയെന്നാണ് അന്വേഷിക്കുന്നത്.