Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിയെ ഇന്ദ്രാണിക്കൊപ്പം ജയിലിൽ ചോദ്യം ചെയ്തു

karti-chidambaram കാർത്തി ചിദംബരം സിബിഐ കസ്റ്റഡിയിൽ.

മുംബൈ ∙ വിദേശനാണ്യ വിനിമയ ചട്ടലംഘനക്കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തെ സിബിഐ മുംബൈ ബൈക്കുള ജയിലിൽ കൊണ്ടുപോയി ഐഎൻഎക്സ് മീഡിയ മുൻ ഡയറക്ടർ ഇന്ദ്രാണി മുഖർജിക്കൊപ്പമിരുത്തി ചോദ്യം ചെയ്തു. മകൾ ഷീന ബോറയെ വധിച്ച കേസിൽ അറസ്റ്റിലായ ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനെ അറസ്റ്റ് ചെയ്തത്. നാലു മണിക്കൂറോളം ഒരുമിച്ചുള്ള ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘം കാർത്തിയുമായി ഡൽഹിക്കു മടങ്ങി. ജയിലിലേക്കു കയറുംമുൻപും ഇറങ്ങിയ ശേഷവും പുറത്തുനിന്നിരുന്ന മാധ്യമപ്രവർത്തകർക്കു നേരെ കാർത്തി കൈവീശി. 

പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ൽ മാധ്യമസ്ഥാപനമായ ഐഎൻഎക്സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങൾ ലംഘിച്ചാണെന്നാണു കേസ്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാർത്തി ഇവരെ വഴിവിട്ട് സഹായിച്ചെന്നായിരുന്നു ആദ്യ ആരോപണം. കഴിഞ്ഞവർഷം മേയിലാണു സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. 

ഇതിനിടെ, കഴിഞ്ഞമാസം 28നു മജിസ്ട്രേട്ടിനു മുന്നിൽ ഇന്ദ്രാണി മുഖർജി നൽകിയ കുറ്റസമ്മത മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനു കോടതി അനുവദിച്ച അഞ്ചുദിവസത്തെ സിബിഐ കസ്റ്റഡി ഇന്ന് അവസാനിക്കുകയാണ്.