Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോപ്പിയാൻ വെടിവയ്പ്: മരണം ആറായി

jammu-kashmir-firing വിള്ളലുകൾ വീഴ്ത്തി മരണം: ഷോപ്പിയാനിൽ സൈന്യവും ലഷ്കറെ തയിബ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വെടിയുണ്ടയേറ്റു പൊട്ടിയ വാഹനത്തിന്റെ വാതിൽ ചില്ലിലൂടെയുള്ള കാഴ്ച.

ശ്രീനഗർ∙ തെക്കൻ കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ലഷ്കറെ തയിബ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഞായറാഴ്ച രാത്രി പട്രോളിങ്ങിന്റെ ഭാഗമായി വാഹനപരിശോധന നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റമുട്ടലുണ്ടായത്. ഒരു ഭീകരന്റെയും മൂന്നു നാട്ടുകാരുടെയും മൃതദേഹങ്ങൾ രാത്രി തന്നെ കണ്ടെത്തിയിരുന്നു. ഇന്നലെ തിരച്ചിലിൽ മറ്റൊരു ഭീകരന്റെയും ഒരു നാട്ടുകാരന്റെയും മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആമിർ അഹമ്മദ് മാലിക്, ആഷിഖ് ഹുസൈൻ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. ആമിർ അഹമ്മദ് മാലിക് കഴിഞ്ഞ ജൂലൈയിലാണു ലഷ്കർ അംഗമായത്.

നാട്ടുകാരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി. ഭീകരർക്കു സഹായം നൽകുന്നവരാണു കൊല്ലപ്പെട്ട നാട്ടുകാരെന്നു പൊലീസും സൈന്യവും പറയുന്നു. എന്നാൽ, കശ്മീർ ഭരണകൂടവും പ്രതിപക്ഷ കക്ഷികളും ഈ വാദത്തെ എതിർക്കുകയാണ്. കൊല്ലപ്പെട്ടവർ ഭീകരബന്ധമില്ലാത്തവരാണെന്നാണ് ഇവരുടെ വാദം. ‘ഷോപ്പിയാനിൽ നാട്ടുകാരായ പൗരന്മാർ കൊല്ലപ്പെട്ടത് അങ്ങേയറ്റം വേദനാജനക’മെന്നാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിൽ പ്രസ്താവിച്ചത്. ഷോപ്പിയാൻ വെടിവയ്പിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷകക്ഷിയായ നാഷനൽ കോൺഫറൻസിന്റെ നേതാവുമായ ഒമർ അബ്ദുല്ല ആവശ്യപ്പെട്ടു. എന്നാൽ, കൊല്ലപ്പെട്ട നാട്ടുകാർ ഭീകരബന്ധമുള്ളവരാണെന്നു സൈനിക വക്താവ് മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നതിനു തൊട്ടുപിന്നാലെ പ്രതികരിച്ചു.

വെടിവയ്പിനെ തുടർന്നു വിഘടനവാദ സംഘടനകളുടെ സംയുക്ത മുന്നണി ഇന്നലെ കശ്മീരിൽ ബന്ദാചരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഇതേസമയം, വെടിവയ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നു ജമ്മു കശ്മീർ ഡിജിപി എസ്.പി.വെയ്ദ് പറഞ്ഞു.

മേജർ ആദിത്യ കുമാർ പ്രതിയല്ല; തുടർനടപടി തടഞ്ഞു

ന്യൂഡൽഹി∙ ജനുവരി 27നു ഷോപ്പിയാനിൽ നടന്ന വെടിവയ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രഥമവിവര റിപ്പോർട്ടിൽ മേജർ ആദിത്യ കുമാറിനെ പ്രതിചേർത്തിട്ടില്ലെന്നു ജമ്മു കശ്മീർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതു കണക്കിലെടുത്ത് കേസിൽ ഏപ്രിൽ 24 വരെ തുടർനടപടി പാടില്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. മേജർ ആദിത്യകുമാർ അടക്കമുള്ള സൈനിക ഉദ്യോഗസ്ഥർക്കെതിരെ ബലപ്രയോഗം വേണ്ടിവരുന്ന നടപടികൾ സ്വീകരിക്കരുതെന്ന് ഫെബ്രുവരി 12നു കശ്മീർ പൊലീസിനു സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

ഷോപ്പിയാനിലെ ഗാനോവ്പോരയിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നു സൈനികരെ രക്ഷിക്കാൻ നടത്തിയ വെടിവയ്പിൽ മൂന്നു നാട്ടുകാർ കൊല്ലപ്പെട്ട സംഭവത്തിലാണു സുപ്രീം കോടതിയുടെ ഉത്തരവ്. സൈനികരെ പ്രതി ചേർത്ത് പ്രഥമവിവര റിപ്പോർട്ട് തയാറാക്കിയതിനെതിരെ ആദിത്യ കുമാറിന്റെ പിതാവ് ലഫ്. കേണൽ കരംവീർ സിങ്ങാണു സുപ്രീം കോടതിയെ സമീപിച്ചത്.