Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തി മൂന്നു ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ

Karti Chidambaram കാർത്തി ചിദംബരം

ന്യൂഡൽഹി∙ െഎഎൻഎക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തെ മൂന്നു ദിവസത്തേക്കുകൂടി സിബിഐയുടെ കസ്റ്റഡിയിൽ വിടാൻ പ്രത്യേക കോടതി ഉത്തരവിട്ടു. കാർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുന്നതു തടയണമെന്ന അപേക്ഷ നാളെ പരിഗണിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. 

കാർത്തി സഹകരിക്കുന്നില്ലെന്നു സിബിഐ:

തെളിവായി പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേർഡ് വെളിപ്പെടുത്താൻ കാർ‍ത്തി തയാറാകുന്നില്ല. തന്നെ രാഷ്ട്രീയമായി ഇരയാക്കുന്നുവെന്നാണ് ഏതു ചോദ്യത്തിനും കാർത്തിയുടെ മറുപടി. കേസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. പുതിയ വെളിപ്പെടുത്തലുകളുണ്ട്– പ്രത്യേക സിബിഐ കോടതി മുൻപാകെ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 

വിദേശത്തുനിന്നു നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുൾപ്പെടെ െഎഎൻഎക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനം നടത്തിയ ക്രമക്കേടുകൾ‍ ഒതുക്കാൻ കോഴ വാങ്ങിയെന്ന കേസിൽ കഴിഞ്ഞ ഒന്നിന് അറസ്റ്റിലായ കാർത്തിയെ അഞ്ചുദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിടാനാണു ജഡ്ജി സുനിൽ‍ റാണ ഉത്തരവിട്ടത്. സമയപരിധി അവസാനിച്ചതിനാൽ ഇന്നലെ കോടതിയിൽ ഹാജരാക്കി.

ജാമ്യമനുവദിക്കണമെന്നു കാർത്തി അപേക്ഷിച്ചപ്പോൾ, ഒൻപതു ദിവസംകൂടി കസ്റ്റഡിയിൽ വേണമെന്നു സിബിഐ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി കാർത്തിയെ മുംബൈയിൽ കൊണ്ടുപോയെന്നും കോഴ നൽകിയതായി മൊഴി നൽകിയ െഎഎൻഎക്സ് ഡയറക്ടർ ഇന്ദ്രാണി മുഖർജിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തെന്നും തുഷാർ മേത്ത വിശദീകരിച്ചു. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ബൈക്കുള ജയിലിലാണ് ഇന്ദ്രാണി. 

‘കാർത്തി ഭീകരനല്ല’:

കാർത്തി ചോദ്യംചെയ്യലിനോടു സഹകരിച്ചിട്ടുണ്ടെന്നും സിബിഐക്കു കേൾക്കേണ്ട ഉത്തരം നൽകാൻ ബാധ്യതയില്ലെന്നും കാർത്തിക്കുവേണ്ടി അഭിഷേക് സിങ്‌വി കോടതിയിൽ വാദിച്ചു. ചോദ്യംചെയ്യലിനു വിധേയനാവുക എന്നതു മാത്രമാണു കാർത്തിയുടെ ഉത്തരവാദിത്തം. മകളുടെ കൊലപാതകത്തിന്റെ പേരിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണിയുടെ മൊഴി തെളിവായി അംഗീകരിക്കാമോ? കസ്റ്റഡിയിലല്ലെങ്കിൽ ചോദ്യം ചെയ്യാനാവില്ലേ? ബോംബ് കൈവശം വച്ചിട്ടുള്ള ഭീകരനൊന്നുമല്ല കാർത്തി– സിങ്‌വി പറഞ്ഞു. കാർ‍ത്തിയുടെ മാതാപിതാക്കൾ മുൻ ധനമന്ത്രി പി.ചിദംബരവും നളിനി ചിദംബരവും കോടതിയിലുണ്ടായിരുന്നു. ഇവരുമായി 10 മിനിറ്റ് സംസാരിക്കാൻ കോടതി കാർത്തിയെ അനുവദിച്ചു. ജാമ്യാപേക്ഷ ഒൻപതിനു വീണ്ടും പരിഗണിക്കും. 

സുപ്രീം കോടതിയിൽ പുതിയ അപേക്ഷ:

െഎഎൻഎക്സ് മീഡിയ കേസിൽ ഇഡിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്ന കാർത്തിയുടെ ആവശ്യം കഴിഞ്ഞ 23 നു സുപ്രീം കോടതി തള്ളിയിരുന്നു. ഇഡി അറസ്റ്റ് ചെയ്യുന്നതു തൽക്കാലത്തേക്കു തടയണമെന്നാണു കാർത്തി ഇന്നലെ പുതിയ റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടത്; സിബിഐയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ നോട്ടിസ് നൽകാൻ ഇഡിക്ക് അധികാരമില്ലെന്നും. 

ഹർജി നിലനിൽക്കില്ലെന്ന് ഇഡിക്കുവേണ്ടി തുഷാർ മേത്ത വാദിച്ചു. എന്നാൽ, വ്യക്തിസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അതു നിഷേധിച്ചാൽ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്നും കാർത്തിക്കുവേണ്ടി കപിൽ സിബൽ വാദിച്ചു. വാദങ്ങൾ രേഖയിലാക്കിയ കോടതി, ഹർജി നിലനിൽക്കുമെങ്കിൽ മാത്രമേ ഭരണഘടനാപരമായ അവകാശങ്ങൾ സംബന്ധിച്ച വാദങ്ങൾ പരിഗണിക്കേണ്ടതുള്ളൂവെന്നും പറഞ്ഞു. കേസ് നാളെ വീണ്ടും പരിഗണിക്കാമെന്നും മറ്റു കോടതികളിലെ നടപടികൾ തുടരാൻ തടസ്സമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.