Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളം നൽകിയില്ല; മല്യയുടെ ഉല്ലാസ നൗക ജപ്തിചെയ്തു

mallya-yacht ജപ്തി ചെയ്ത മല്യയുടെ ഉല്ലാസ നൗക (ഫയൽ ചിത്രം)

ലണ്ടൻ ∙ കോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ആഡംബര ഉല്ലാസ നൗക മാൾട്ടയിൽ ജപ്തിചെയ്തു. നൗകയിലെ ജീവനക്കാർക്കു പത്തുലക്ഷം ഡോളറോളം (ഏകദേശം 6.4 കോടിരൂപ) ശമ്പളക്കുടിശിക വരുത്തിയതിനെ തുടർന്നാണു നടപടി. ജീവനക്കാരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു.

രാജ്യാന്തര തൊഴിലാളി സംഘടനയായ നോട്ടിലസ് ഇന്റർനാഷനലാണു പ്രശ്നപരിഹാരത്തിനായി ഇടപെട്ടത്. ഇന്ത്യൻ എംപ്രസ് എന്നു പേരിട്ട ഉല്ലാസനൗക മല്യ സ്വന്തമാക്കിയതു 2006ൽ ആണ്. ഇതിന്റെ നവീകരണത്തിനായി 2016ൽ കോടികൾ ചെലവഴിച്ചിരുന്നു. 17 കാബിനുള്ള നൗകയിൽ 12 അതിഥികൾക്കു രാജകീയമായി സഞ്ചരിക്കാം. മല്യ കേസിൽ കുടുങ്ങിയതിനു ശേഷം കഴിഞ്ഞ സെപ്റ്റംബർ മുതൽ നൗക ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

ജീവനക്കാർ പലവട്ടം ശമ്പളം ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്നാണു നോട്ടിലസ് ഇന്റർനാഷൽ പ്രശ്നത്തിൽ ഇടപെട്ടു കേസ് കോടതിക്കു മുന്നിലെത്തിച്ചത്. രാജ്യാന്തര നാവിക തൊഴിൽ കൺവൻഷൻ (മാരിടൈം ലേബർ കൺവൻഷൻ) നിയമങ്ങൾ അനുസരിച്ചുള്ള നടപടിയാണു സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടനിൽ കഴിയുന്ന മല്യയുടെ വിദേശത്തെ ആസ്തികൾ ഏറിയ പങ്കും മരവിപ്പിച്ചിരിക്കുകയാണെങ്കിലും ആഴ്ചയിൽ 18,325 പൗണ്ട് (ഏകദേശം 16 ലക്ഷം രൂപ) ചെലവാക്കാൻ ലണ്ടൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.