Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തി ചിദംബരം തിഹാർ ജയിലിൽ; പ്രത്യേക സെൽ ആവശ്യവും നിരസിച്ചു

PTI8_23_2017_000003B

ന്യൂഡൽഹി∙ െഎഎൻ‍എക്സ് മീഡിയ കോഴക്കേസിൽ 12 ദിവസം സിബിഐ കസ്റ്റഡിയിലായിരുന്ന കാർത്തി ചിദംബരത്തെ ഈമാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. സുരക്ഷാ ഭീഷണിയുള്ളതിനാൽ തിഹാർ ജയിലിൽ പ്രത്യേക സെല്ലിൽ പാർ‍പ്പിക്കണമെന്ന കാർത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കാർത്തിയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.

മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകനായ കാർത്തിയെ കഴിഞ്ഞമാസം 28നാണ് സിബിഐ ചെന്നൈയിൽ‌ നിന്ന് അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇന്നലെ വരെ കാർത്തി സിബിഐ കസ്റ്റഡിയിലായിരുന്നു. ഇനി ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വേണ്ടെന്നു സിബിഐ വ്യക്തമാക്കിയതിനാലാണു ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പ്രത്യേക സിബിഐ ജഡ്ജി സുനിൽ റാണ ഉത്തരവിട്ടത്.

ജയിലിൽ പ്രത്യേക സെൽ എന്ന ആവശ്യം നിഷേധിച്ച കോടതി, ജയിൽ മാന്വൽ പ്രകാരമുള്ള നടപടിയാണുണ്ടാവുകയെന്നു വ്യക്തമാക്കി. വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നും ജാമ്യാപേക്ഷ ഉടനെ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും അംഗീകരിച്ചില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ജാമ്യാപേക്ഷ ഈമാസം 15നു പരിഗണിക്കുമെന്നാണ് അറിയിച്ചത്.

പിതാവിനും കാർത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെൽ അനുവദിക്കാനാവില്ല. എന്നാൽ, കാർ‍ത്തിക്ക് സുരക്ഷ ഉറപ്പാക്കാൻ ജയിൽ അധികാരികൾ നടപടിയെടുക്കണം – ജഡ്ജി പറഞ്ഞു.

ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ചിദംബരം മുംബൈ ഭീകരാക്രമണം ഉൾപ്പെടെ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും അതിനാൽ കാർത്തിയുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. കാർത്തിക്കല്ല ചിദംബരത്തിനാണു ഭീഷണിയുള്ളതെന്നും കുടുംബാംഗങ്ങൾ രാജ്യത്തു സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടെന്നും സിബിഐ അഭിഭാഷകൻ മറുവാദമുന്നയിച്ചു.

പ്രത്യേക സെൽ അനുവദിക്കുന്നതിനെ സിബിഐ എതിർക്കുന്നതു തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും തിഹാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച രാജൻ പിള്ളയുടെ കാര്യം മറക്കരുതെന്നും കാർത്തിയുടെ അഭിഭാഷകൻ പറഞ്ഞു.

സിബിഐ കോടതിയുടെ ഉത്തരവു വന്നതിനു പിന്നാലെ കാർത്തിയുടെ അഭിഭാഷകൻ ദായൻ കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തുടർന്നാണ് ഇന്നു പരിഗണിക്കാമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.