Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന സഭയിൽ ‘അതിരുകടന്ന’ പ്രകടനം; രണ്ടു കോൺഗ്രസ് എംഎൽഎമാരെ പുറത്താക്കി

ഹൈദരാബാദ് ∙ രണ്ടു കോൺഗ്രസ് എംഎൽഎമാരെ തെലങ്കാന നിയമസഭയിൽനിന്നു പുറത്താക്കി. പ്രതിപക്ഷനേതാവടക്കം 11 പേരെ സസ്പെൻഡ് ചെയ്തു. ലെജിസ്ലേറ്റിവ് കൗൺസിലിലെ ആറു കോൺഗ്രസ് അംഗങ്ങളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ സഭയുടെ സംയുക്ത സമ്മേളനത്തെ ഗവർണർ അഭിസംബോധന ചെയ്യുമ്പോഴുണ്ടായ സംഭവങ്ങളുടെ പേരിലാണു നടപടി.

കാർഷികമേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗങ്ങൾ ഗവർണർ ഇ.എസ്.എൽ.നരസിംഹത്തിന്റെ പ്രസംഗത്തിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു. ഒരംഗം ഹെഡ്ഫോൺ എടുത്തെറിഞ്ഞു. ഇതു ലെജിസ്ലേറ്റിവ് കൗൺസിൽ അധ്യക്ഷൻ സ്വാമി ഗൗഡിന്റെ മുഖത്തുകൊണ്ടു കണ്ണിനു പരുക്കേറ്റു. കോമട്ടിറെഡ്ഡി വെങ്കട റെഡ്ഡി, എസ്.എ.സമ്പത്ത്കുമാ‍ർ എന്നീ എംഎൽഎമാരെയാണു പുറത്താക്കിയത്. ബജറ്റ് സമ്മേളനം കഴിയുന്നതുവരെയാണു മറ്റ് എംഎൽഎമാരെയും എംഎൽസിമാരെയും സസ്പെൻഡ് ചെയ്തത്.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തതെന്ന് ആരോപിച്ച കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. 119 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസിനു 19 എംഎൽഎമാരാണുള്ളത്. അടുത്ത വർഷം സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്.

related stories