Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറിൽ ഇളവ്; മാർച്ച് 31 സമയപരിധി നീട്ടി

ന്യൂഡൽഹി ∙ മൊബൈൽ ഫോൺ കണക്‌ഷൻ, പുതിയ ബാങ്ക് അക്കൗണ്ട് എന്നിവയുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള സമയപരിധി അനിശ്ചിതകാലത്തേക്കു നീട്ടി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ചിന്റെ ഇടക്കാല ഉത്തരവ്. എന്നാൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സബ്സിഡികൾക്കും ക്ഷേമപദ്ധതികൾക്കും ഈ മാസം 31 മുതൽ ആധാർ നമ്പർ നിർബന്ധമാണ്. 

ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുതയും ക്ഷേമപദ്ധതികൾക്കും ബാങ്ക് അക്കൗണ്ടിനും മൊബൈൽ ഫോൺ കണക്‌ഷനും ആധാർ നിർബന്ധമാക്കിയതും ചോദ്യം ചെയ്തുള്ള 28 ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ ഹർജികളിൽ ഒരുമാസത്തിലേറെയായി വാദം നടക്കുന്നു. ഈ ഹർജികളിൽ അന്തിമവിധി വരുന്നതുവരെയാണു ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിയത്. 

തത്കാൽ പാസ്പോർട്ട്

തത്കാൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ പാസ്പോർട്ട് ചട്ടം ഭേദഗതി ചെയ്തിരുന്നു. എന്നാൽ, ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പാസ്പോർട്ട് പുതുക്കാൻ ശ്രമിച്ചപ്പോൾ ആധാർ ഇല്ലാത്തിതിനാൽ‍ റദ്ദാക്കപ്പെട്ട അഭിഭാഷക വൃന്ദ ഗ്രോവറുടെ അനുഭവം ഉദാഹരണമാക്കി അരവിന്ദ് ദത്താറും ശ്യാം ദിവാനും വാദമുന്നയിച്ചു. തത്കാൽ പാസ്പോർട്ടിന് ആധാർ നിർബന്ധമാക്കുന്നതും അനിശ്ചിതകാലത്തേക്കു നീട്ടുന്നതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

കേന്ദ്ര നിലപാട്

മൊബൈൽ ഫോൺ, പുതിയ ബാങ്ക് അക്കൗണ്ട്, സർക്കാർ സബ്സിസിഡകൾ‍, ക്ഷേമപദ്ധതികൾ എന്നിവയുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി ഈ മാസം 31വരെ നീട്ടി സുപ്രീം കോടതി ഡിസംബർ 15ന് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. മൊബൈൽ ഫോൺ, പുതിയ ബാങ്ക് അക്കൗണ്ട് എന്നിവയിൽ വിയോജിപ്പില്ലെന്നും ക്ഷേമപദ്ധതികൾക്കും മറ്റും സമയപരിധി മാറ്റരുതെന്നും കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. എല്ലാ സേവനങ്ങൾക്കുമുള്ള സമയപരിധി നീട്ടണമെന്നു ഹർജിക്കാർക്കുവേണ്ടി ശ്യാം ദിവാനും വിപിൻ നായരും വാദിച്ചു.

സമയപരിധി സംബന്ധിച്ചു പൗരൻമാർക്കു വ്യക്തത ആവശ്യമാണെന്നും ഇടയ്ക്കിടെ നീട്ടുന്ന രീതി തുടരാനാവില്ലെന്നും പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിന്റെ നിലപാട് അംഗീകരിക്കുകയാണെന്നു വ്യക്തമാക്കി. ആദായനികുതി റിട്ടേൺ നൽകാനും പാൻ കാർഡ് ലഭിക്കാനും ആധാർ നിർബന്ധമാക്കിയുള്ള നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നു ബിനോയ് വിശ്വത്തിന്റെ കേസിൽ സുപ്രീം കോടതി കഴിഞ്ഞ ജൂൺ ഒൻപതിനു വിധിച്ചിരുന്നു. 

നിലവിലുള്ള അക്കൗണ്ട്: വ്യക്തതയില്ല

ഇന്നലത്തെ ഉത്തരവിലും കഴിഞ്ഞ ഡിസംബർ 15ന്റെ ഉത്തരവിലും പുതിയ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചാണ് സുപ്രീം കോടതി പറയുന്നത്. നിലവിലുള്ള ബാങ്ക് അക്കൗണ്ട് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചു വ്യക്തതയില്ല. നിലവിലെ അക്കൗണ്ടുകളും സമയപരിധി നീട്ടിയവയുടെ ഗണത്തിൽ വരേണ്ടതാണെന്നും കേന്ദ്രം ഇളവ് ആവശ്യപ്പെട്ടതു സബ്സിഡികൾ, ക്ഷേമപദ്ധതികൾ തുടങ്ങിയവയിൽ മാത്രമാണെന്നും അഭിഭാഷകർ പിന്നീടു പറഞ്ഞു. നിലവിലെ അക്കൗണ്ട് സംബന്ധിച്ചു വ്യക്തത വരുത്തണമെന്ന് അഭിഭാഷകർ ഇന്നു കോടതിയിൽ ആവശ്യപ്പെട്ടേക്കും.