Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈന അതിർത്തിയിൽ ഭീമൻ വിമാനമിറക്കി ഇന്ത്യൻ വ്യോമസേന; ഇനി സൈനിക നീക്കം അനായാസം

c-17-globemaster വിമാനത്തിനു മുന്നിൽ ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി∙ ചൈന അതിർത്തിയിൽ അനായാസമായി ഇന്ത്യയ്ക്കു സൈനിക നീക്കം നടത്താമെന്ന സന്ദേശത്തോടെ, ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി–17 ഗ്ലോബ്മാസ്റ്റർ ചൊവ്വാഴ്ച അരുണാചൽപ്രദേശിലെ റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തു. ടാങ്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സൈനികരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വിമാനമായ സി–17 റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തതിനെ ചരിത്രനിമിഷമെന്നാണ് ഇന്ത്യൻ വ്യോമസേന വിശേഷിപ്പിച്ചത്.

വലിയ പർവതങ്ങൾക്കും ചെങ്കുത്തായ താഴ്‌വാരങ്ങൾക്കും ഇടയിലുള്ള റ്റുറ്റിങ് അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിൽ (എഎൽഡി) സാധാരണ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കില്ല. ഹെലികോപ്റ്ററുകളാണു കൂടുതലും ഇവിടെയെത്താറ്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ അടുത്തമാസം ചൈന സന്ദർശിക്കാനിരിക്കേ, ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക നടപടികളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന സന്ദർശിക്കുന്നുണ്ട്. ഇന്ത്യയുടെ അതിർത്തിപ്രദേശത്തേക്കു ചൈന റോഡ് നിർമിച്ചതിനെ തുടർന്ന് ഇരുരാജ്യത്തെയും സൈനികർ ഡിസംബർ – ജനുവരി മാസങ്ങളിൽ മുഖാമുഖം നിന്നു സംഘർഷാവസ്ഥ സൃഷ്ടിച്ച ബിഷിങ് ഗ്രാമത്തിനു സമീപമാണു റ്റുറ്റിങ്.

റോഡ് മാർഗം ഇന്ത്യൻ സൈന്യത്തിന് ഇവിടേക്കു സൈനികനീക്കം എളുപ്പമല്ലെന്നിരിക്കേ, സി–17 വിമാനത്തിന്റെ വിജയകരമായ ലാൻഡിങ് മേഖലയിൽ ഇന്ത്യയ്ക്കു നിർണായകമായ മുൻതൂക്കം നൽകും. യുഎസ് വിമാനക്കമ്പനിയായ ബോയിങ് നിർമിച്ച സി–17 വിമാനം ഇന്ത്യയ്ക്കു പുറമേ, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സൈന്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ന്യൂഡൽഹി ഹിൻഡണിലുള്ള സ്കൈലോർഡ്സ് സ്ക്വാഡ്രണിലെ ഗ്രൂപ്പ് ക്യാപ്റ്റൻ കെ. രാമറാവു, വിങ് കമാൻഡർമാരായ അമിയ കാന്ത് പട്നായിക്, കെ.ത്രിവേദി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ചരിത്രലാൻഡിങ്ങിനു നേതൃത്വംനൽകിയത്.