Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷണ നേട്ടങ്ങൾ പാടത്തേക്കിറങ്ങട്ടെ: പ്രധാനമന്ത്രി

Narendra Modi

ഇംഫാൽ∙ പരീക്ഷണശാലകളിലെ കണ്ടെത്തലുകൾ കൃഷിയിടങ്ങളിലേക്ക് എത്തിച്ചു രാഷ്ട്ര പുരോഗതിയിൽ പങ്കാളികളാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്തു. ഗവേഷണ, വികസനരംഗത്തു പൊളിച്ചെഴുത്തുകൾക്കു സമയമായെന്നും 105–ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

സമ്പന്നമായ പാരമ്പര്യമുള്ള രാഷ്ട്രമാണ് ഇന്ത്യ. ശാസ്ത്ര–സാങ്കേതിക രംഗത്ത് ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നമ്മുടേതായുണ്ട്. ശാസ്ത്രവും സാങ്കേതിക വിദ്യയും ജനങ്ങൾക്കു പ്രയോജനകരമാക്കുക എന്ന ഉത്തരവാദിത്തം ശാസ്ത്രജ്ഞർ നിറവേറ്റുമ്പോൾ രാഷ്ട്രം പുരോഗതിയിലേക്കു കുതിക്കുമെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞർ ഓരോ വർഷവും 100 മണിക്കൂർ വീതം നൂറു കുട്ടികളുമായി സംവദിക്കാൻ മാറ്റിവയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തിയെടുക്കാൻ ഇതു സഹായിക്കും.

ഇതിനിടെ, കോൺഗ്രസിൽ പങ്കെടുത്ത കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രി ഹർഷ്‌വർധൻ നടത്തിയ പ്രസംഗം വിവാദമായി. ആൽബർട്ട് ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തെക്കാൾ മികച്ചവ വേദങ്ങളിലുണ്ടെന്ന്, ഇക്കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. എന്നാൽ, അതേക്കുറിച്ചു വിശദീകരണം ചോദിച്ച മാധ്യമപ്രവർത്തകരോട്, ‘നിങ്ങൾ സ്വയം കണ്ടെത്തൂ, പരാജയപ്പെട്ടാൽ ഞാൻ എനിക്കു കിട്ടിയ വിവരത്തിന്റെ ഉറവിടം വെളിപ്പെടുത്താം’ എന്നായിരുന്നു മറുപടി.

ആറുവർഷം മുൻപ് @hari.scientist എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ ‘സ്റ്റീഫൻ ഹോക്കിങ്’ എന്ന വ്യാജ പേരിൽ പേജുണ്ടാക്കി ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ തെറ്റായി ‘ജ്ഞാനം’ വിളമ്പിയതു പരിശോധിക്കാതെ ശാസ്ത്ര കോൺഗ്രസിൽ ആവർത്തിച്ചതാണു ഹർഷ്‌വർധനു വിനയായതെന്നു ശാസ്ത്ര മാധ്യമ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഇതു കണ്ടെത്താൻ വെറും നാലു മിനിറ്റ് മാത്രമേ എടുത്തുള്ളൂവെന്നും കേന്ദ്രമന്ത്രിയെപ്പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇത്തരം മണ്ടത്തരങ്ങൾ പറയുന്നതു ശാസ്ത്രത്തെ അപമാനിക്കലാണെന്നും ശാസ്ത്ര മാധ്യമപ്രവർത്തക സന്ധ്യ രമേഷ് പറഞ്ഞു. ശാസ്ത്ര കോൺഗ്രസ് 20നു സമാപിക്കും.

related stories