Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരങ്ങു കൊഴുപ്പിച്ച് രാഹുൽ; തലമുറ മാ‌റ്റത്തിൽ ആകാംക്ഷയും ആശങ്കയും ബാക്കി

aicc-rahul ഒറ്റക്കെട്ടായ്... എഐസിസി സമ്മേളന വേദിയി‍ൽ മുതിർന്ന നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും. എ.കെ. ആന്റണി, പി. ചിദംബരം, സുശീൽ കുമാർ ഷിൻഡെ, ഗുലാം നബി ആസാദ്, അശോക് ഗെഹ്‍ലോട്ട്, സഞ്ജയ് നിരുപം, അശോക് ചവാൻ, ആനന്ദ് ശർമ, കമൽനാഥ്, ഡോ. മൻമോഹൻ സിങ്, മൊഹ്സിന ക്വിദായ്, ഡോ. കരൺ സിങ്, കെ.സി. വേണുഗോപാൽ, മുകുൾ വാസ്‍നിക് എന്നിവർ സമീപം.

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തലമുറ മാ‌റ്റം എത്ര പെട്ടെന്നാകും? എത്രത്തോളം ‘രൂക്ഷ’മാകും? കോൺഗ്രസിലെ മുതിർന്ന തലമുറ ആകാംക്ഷയോടെയും ആശങ്കയോടെയും ഉത്തരം തേടുന്നു. 

കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മു‌തിർന്ന നേതാക്കൾ തന്നെ ഇക്കാര്യം പാർട്ടി അധ്യക്ഷന്റെ ശ്രദ്ധയിൽ പെടുത്തി. യുവത്വവും പരിചയസമ്പത്തുമാണു പാർട്ടിക്ക് ഊർജം പകരുകയെന്നായിരുന്നു അവരുടെ ഓർമപ്പെടുത്തൽ. പെ‌ട്ടെന്നുള്ള മാറ്റം സംഘടനയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തിയേക്കുമെന്ന ആശങ്ക‌യും അവർ മറച്ചുവച്ചില്ല. 

എഐസിസി സമ്മേളനത്തിൽ രാഹുലിന്റെ ആദ്യ പ്രസംഗം ഈ പശ്ചാത്തലത്തിലായിരുന്നു. യുവത്വവും പരിചയസമ്പത്തും ചേർന്നതായിരിക്കും സംഘടനയെന്നാണ് അദ്ദേഹം ഉറപ്പു നൽകിയത്. എന്നാൽ, സമ്മേളനത്തിലെങ്ങും പ്രകടമായതു മാ‌റ്റത്തിന്റെ കാറ്റാണ്. അവതാരകരായെത്തിയതു യുവതീയുവാക്കൾ. പ്ര‌സംഗകരിൽ നല്ല പങ്കു പുതുമുഖങ്ങളും ചെറുപ്പക്കാരും. പലപ്പോഴും പരിചയസമ്പന്നരുടെ പഴയ തലമുറ കാഴ്ചക്കാരായി. 

മുഖ്യ പ്രസംഗകരെല്ലാം വേദിയിലെത്തിയത് അവതാരകരും പശ്‌ചാത്തല സംഗീതവും ചേർന്നൊരുക്കിയ നാടകീയതയ്ക്കിടെയാണ്. ഉദാഹരണ‌ത്തിന്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രസംഗിക്കും മു‌ൻപ് അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അവതാരകന്റെ ഹ്രസ്വവിവരണം. പിന്നാലെ, ബോക്സിങ് മത്സരത്തിൽ താരത്തെ അവതരിപ്പിക്കുംമട്ടിൽ ‘മൻ.....മോഹൻ സിങ്’ എന്ന കാതടപ്പിക്കുന്ന അറിയിപ്പ്. 

പ്രവർത്തക സമിതി പ്രഖ്യാപിക്കുന്നതോടെ പാർട്ടിയിലെ മാറ്റത്തിന്റെ ദിശ വ്യക്തമാകും. യുവാക്കൾക്കു കാര്യമായ മുൻതൂക്കമുണ്ടാകുമെന്നു തന്നെ സൂചനകൾ. 25 അംഗ പ്രവർത്തക സമിതിയിലേക്കു രാഹുലും സോണിയയും ഒഴികെ 23 പേരെയാണു നാമനിർദേശം ചെയ്യേണ്ടത്.

കർഷകർ മരിക്കുമ്പോൾ മോദിക്ക് യോഗാഭ്യാസം: രാഹുൽ

ആത്മാർഥമായി പ്രവർത്തിക്കാനുള്ള മനസ്സും പാർട്ടിയോടു കൂറുമുള്ളവർക്കു സ്ഥാനാർഥിത്വം ലഭിക്കും. താഴേത്തട്ടിലുള്ള പ്രവർത്തകർക്കും നേതാക്കൾക്കുമിടയിലുള്ള മതിലുകൾ പൊളിക്കും. അവർക്കിടയിൽ ഇനി തടസ്സങ്ങളുണ്ടാകില്ല. മുതിർന്ന നേതാക്കൾ, യുവാക്കൾ, കഴിവുള്ള ദേശസ്നേഹികൾ എന്നിവർക്കെല്ലാം കോൺഗ്രസിൽ സ്ഥാനമുണ്ട്. കോൺഗ്രസ് എല്ലാവരുടെയും പാർട്ടിയാണ്. 

രാജ്യത്തു കർഷകർ മരിച്ചു വീഴുമ്പോൾ നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിൽ യോഗാഭ്യാസം നടത്തുന്നു. സംസാരിക്കേണ്ട സമയങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നു; മറ്റുള്ളവരുടെ വായടപ്പിക്കുന്നു. ഏറെ പ്രതീക്ഷകളോടെ വോട്ട് ചെയ്ത യുവാക്കളെ അദ്ദേഹം വഞ്ചിച്ചു. മോദിയുടെ ഭരണ വാഹനത്തിൽ ഒരു വശത്തു നീരവ് മോദിയും മറുവശത്തു ലളിത് മോദിയുമാണ്. 

കോൺഗ്രസിന്റെ നേതാക്കൾ ജയിലുകളിൽ ഉറങ്ങിയപ്പോൾ, ബിജെപി നേതാവ് സവർക്കർ മാപ്പപേക്ഷിച്ച് ബ്രിട്ടിഷുകാർക്കു കത്തെഴുതുകയായിരുന്നു. ബാങ്കിൽനിന്നു കോടികൾ മോഷ്ടിക്കുന്നവരെ ബിജെപി സംരക്ഷിക്കുന്നു. കേന്ദ്ര ധനമന്ത്രിയും മകളും കുത്തക വ്യവസായികൾക്കുവേണ്ടി പ്രവർത്തിക്കുന്നു. മുസ്‌ലിംകളോടു രാജ്യം വിടാനും തമിഴരോട് ഭാഷ മാറ്റാനും വടക്കുകിഴക്കുള്ളവരോട് ഭക്ഷ്യരീതി മാറ്റാനും ആർഎസ്എസ് ആവശ്യപ്പെടുന്നു.