Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ സംവരണം: പരാമർശം ഒഴിവാക്കി

rahul-shawl പ്രവർത്തകർ അണിയിച്ച ഷാൾ പ്രസംഗവേദിയിലേക്കു കയറും മുൻപ് മാറ്റാൻ ശ്രമിക്കുന്ന രാഹുൽഗാന്ധി.

ന്യൂഡൽഹി ∙ എഐസിസിയിൽ വനിതാ സംവരണം നടപ്പാക്കുമെന്ന പരാമർശം ഒഴിവാക്കിയതു വിശദ ചർച്ചയ്ക്കു ശേഷം. വനിതാ സംവരണ ബിൽ പാസാക്കണമെന്നു സർക്കാരിനോടാവശ്യപ്പെടുമ്പോൾ സ്വന്തം പാർട്ടിയിൽ അക്കാര്യം നടപ്പാക്കുമെന്ന ഉറപ്പു പ്രമേയത്തിലുണ്ടാകണ‌മെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. കോൺഗ്രസ് ഭരണഘടനയിൽ വനിതാസംവരണത്തിനു വ്യവസ്ഥയുണ്ട്, അതു കൃത്യമായി പാലിക്കപ്പെടാറില്ലെങ്കിലും. സംഘടനാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കെപിസിസി അംഗങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ ഇതു വിവാദമായിരുന്നു.

പ്രമേയ പരാമർശത്തിനു വേണ്ടി നിർബന്ധം പിടിക്കേണ്ടതില്ലെന്നു വനിതകൾ തീരുമാനിച്ചതു വരാനിരിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷയിലാണ്. കൂടുതൽ യുവാക്കളും വനിതകളും പുതുമുഖങ്ങളും സംഘടനയിൽ ഇടം തേടുമെന്നാണു പ്രതീക്ഷ. പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിൽ എല്ലാം ഒന്നിച്ചുവേണമെന്നു പറയുന്നതു യുക്തിസഹമല്ല – ഒരു വനിതാ നേതാവു പറഞ്ഞു.

വനിതാ ബില്ലിനു വേണ്ടി വാദിക്കുന്ന കോൺഗ്രസ് ആദ്യം പാർട്ടിയിൽ സംവ‌രണം നടപ്പാക്കട്ടെയെന്നു ബിജെപി അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷ പിന്തുണയോടെയല്ലാതെ അഭിപ്രായൈക്യത്തിന്റെ പേരിൽ വനി‌താ ബിൽ പാസാക്കണമെന്നാണു സർക്കാരിന്റെ നിലപാട്. എസ്പിയും ആർജെഡിയും ഉൾപ്പെടെ അനവധി കക്ഷികൾ ബില്ലിനെതിരാണ്. വനിതാസംവരണത്തെ പരസ്യമായി പിന്തുണയ്ക്കുന്ന കോൺഗ്രസിലും ബിജെപിയിലും ബില്ലിനെതിരെ രഹസ്യനീക്കങ്ങൾ ശക്തം.

കത്തി ജ്വലിച്ച് ചിദംബരം

ന്യൂഡൽഹി ∙ ‘ഞാൻ ഇവിടെ വരരുതെന്നും ഈ പ്രമേയം അവതരിപ്പിക്കരുതെന്നും ചിലർ ആഗ്രഹിച്ചു. എന്നാൽ, പാർട്ടിയും പ്രവർത്തകരും എനിക്കു പകർന്നുതന്ന ധൈര്യം എന്നെ നിങ്ങൾക്കു മുന്നിലെത്തിച്ചിരിക്കുന്നു’– എഐസിസി സമ്മേളനത്തിൽ സാമ്പത്തിക പ്രമേയം അവതരിപ്പിക്കാനെത്തിയ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകൾ. മകൻ കാർത്തിക്കെതിരായ കേസിന്റെ ചുവടുപിടിച്ച് അദ്ദേഹം അറസ്റ്റിലായേക്കുമെന്നു കുറച്ചു ദിവസങ്ങളായി അഭ്യൂഹമുണ്ടായിരുന്നു. പ്രതിസന്ധിയിൽനിന്ന് ആർജിച്ച ഊർജം ചിദംബരത്തിന്റെ പ്രസംഗത്തിൽ ഉടനീളം പ്രകടമായി. സമ്മേളനത്തിലെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്നുമായി അത്.