Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെഹ്‌രികെ ഹുറിയത്: ഗീലാനി അധ്യക്ഷ പദവി ഒഴിഞ്ഞു

Syed Ali Shah Geelani

ശ്രീനഗർ ∙ കശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി തെഹ്‌രികെ ഹുറിയത് അധ്യക്ഷപദവി ഒഴിഞ്ഞു. പകരം മുതിർന്ന നേതാവ് മുഹമ്മദ് അഷ്റഫ് സെഹ്‌റായിയെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ശ്രീനഗറിൽ പാർട്ടി ഓഫിസിൽ ഇന്നലെ ചേർന്ന യോഗത്തിലാണു ഗീലാനി അധ്യക്ഷപദവി ഒഴിഞ്ഞതും പുതിയ അധ്യക്ഷൻ സ്ഥാനമേറ്റതും.

കശ്മീരിലെ വിഘടനവാദി നേതാക്കളിൽ കർശന നിലപാടുകാരനായാണു ഗീലാനി അറിയപ്പെടുന്നത്. സംസ്ഥാനത്തു വിഘടനവാദവും ഭീകരപ്രവർത്തനവും ശക്തിപ്പെട്ടതിന്റെ മുഖ്യ ഉത്തരവാദി ഇദ്ദേഹമാണെന്നു കശ്മീർ മുൻമുഖ്യമന്ത്രി ഉമർ അബ്ദുല്ല കുറ്റപ്പെടുത്തിയിരുന്നു. ഹുറിയത് സംഘടനകളെ ഏകോപിപ്പിച്ചിരുന്നതും എൺപത്തെട്ടുകാരനായ ഗീലാനിയാണ്. കേന്ദ്രസർക്കാർ പലതവണ നടത്തിയ സമാധാനശ്രമങ്ങൾ പരാജയപ്പെട്ടത് ഇദ്ദേഹത്തിന്റെ മയമില്ലാത്ത നിലപാടുമൂലമായിരുന്നു.

പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകരസംഘടനകളിൽനിന്നും ചില വിദേശ സംഘടനകളിൽനിന്നും ഹവാലവഴി പണം കൈപ്പറ്റിയ കേസിൽ ഗീലാനിയുടെ മകനും ഏതാനും കുടുംബാംഗങ്ങളും പ്രതികളാണ്. പ്രായാധിക്യവും രോഗങ്ങളും അലട്ടിയിരുന്ന തീവ്രവാദി നേതാവ് സ്ഥാനം ഒഴിഞ്ഞതിനു പിന്നിലെ കാരണം വ്യക്തമല്ല.