Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റത്തിന് കേളികൊട്ട്

rahul-aicc-meeting വരുന്നുണ്ട്, മാറ്റം: എഐസിസി സമ്പൂർണ സമ്മേളനത്തിൽ സമാപന പ്രസംഗം നടത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ന്യൂഡൽഹി∙ സ്ഥാനാർഥികളെ കെട്ടിയിറക്കില്ലെന്നു പ്രഖ്യാപിച്ചു സാധാരണ പ്രവർത്തകന്റെ കയ്യടി നേടിയും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വാഗ്ദാനങ്ങൾ നിരത്തി ബിജെപിയെ വെല്ലുവിളിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘മാറ്റത്തിനു സമയമായി’ എന്ന എഐസിസി പ്ലീനറി സമ്മേളന മുദ്രാവാക്യം പ്രാവർത്തികമാക്കാനുള്ള മാർഗരേഖ വരച്ചുകാട്ടി നടത്തിയ സമാപനപ്രസംഗത്തിൽ പാർട്ടിയിലും ദേശീയരാഷ്ട്രീയത്തിലും രാഹുൽ മാറ്റത്തിന്റെ കാഹളം മുഴക്കി. 

ഭരണത്തിന്റെ അവസാന വർഷങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരാൻ യുപിഎ സർക്കാരിനായില്ലെന്നും തെറ്റുകളിൽനിന്നു പാഠമുൾക്കൊണ്ടു മുന്നോട്ടു പോകുമെന്നും ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിറഞ്ഞ പ്രവർത്തകരെയും നേതാക്കളെയും സാക്ഷിയാക്കി രാഹുൽ പറഞ്ഞു. 

ബിജെപിയുടെ അധ്യക്ഷപദവി വഹിക്കുന്നയാൾ കൊലപാതകിയാണെന്നു തുറന്നടിച്ച അദ്ദേഹം, ബിജെപിയെ അധികാരമത്തുപിടിച്ച കൗരവരോടും കോൺഗ്രസിനെ സത്യത്തിനുവേണ്ടി പോരാടുന്ന പാണ്ഡവരോടും ഉപമിച്ചു. 

ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ പാർട്ടിയിൽ മാറ്റം അനിവാര്യമാണ്. മുതിർന്ന നേതാക്കളെ ചേർത്തു നിർത്തി, അവരുടെ അനുഗ്രഹത്തോടെ മാറ്റങ്ങൾ‌ നടപ്പാക്കും. സ്ഥാനാർഥിത്വത്തിലേക്ക് ആരെയും കെട്ടിയിറക്കില്ല. പാർട്ടിക്കുവേണ്ടി വർഷങ്ങൾ വിയർപ്പൊഴുക്കിയിട്ടും പണമില്ലെന്ന കാരണത്താൽ സ്ഥാനാർഥിത്വം നിഷേധിക്കുന്നത് അനുവദിക്കില്ല–രാഹുൽ പറഞ്ഞു. 

അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രസംഗത്തിൽ രാഹുൽ നൽകിയ സന്ദേശം വ്യക്തം; രാജ്യത്തിന്റെ സാരഥ്യമേറ്റെടുക്കാൻ താൻ ഒരുങ്ങിക്കഴിഞ്ഞു. തൊഴിലില്ലായ്മയിൽനിന്നു യുവാക്കളെ കരകയറ്റും; രാജ്യത്തിന്റെ വളർച്ചയ്ക്കായി ചോരയും വിയർപ്പും നൽകിയ കർഷകർക്കു കൈത്താങ്ങേകും. നിലവിൽ ലോകക്രമം നിശ്ചയിക്കുന്ന യുഎസ്, ചൈന വീക്ഷണങ്ങൾക്കു മധ്യേ, ഇന്ത്യൻ വീക്ഷണത്തിനു സ്ഥാനമുറപ്പിക്കും. എല്ലാവർക്കും വിദ്യാഭ്യാസം. ബിജെപി സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷത്തിനു വിരാമമിടും. 

നരേന്ദ്ര മോദി എന്ന പേര് അഴിമതിയുടെ പര്യായമായി മാറിയെന്നും ശുചിത്വ ഭാരതം, അച്ഛേ ദിൻ, ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്കു 15 ലക്ഷം തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങളിലൂടെ അദ്ദേഹം പുകമറ സൃഷ്ടിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി. 

രാജ്യത്തു കർഷകർ മരിച്ചുവീഴുമ്പോൾ മോദി ഇന്ത്യാ ഗേറ്റിൽ യോഗാഭ്യാസം നടത്തുന്നു. ജിഎസ്ടി, നോട്ട് നിരോധനം ഉൾപ്പെടെയുള്ള തെറ്റുകൾ വരുത്തിയിട്ടും അതു സമ്മതിക്കാൻപോലും മോദി തയാറല്ല. ദൈവത്തിന്റെ പ്രതിപുരുഷനാണു താനെന്ന് അദ്ദേഹം സ്വയം കരുതുന്നു. 

ഇന്ത്യൻ ജനതയുടെ മനസ്സിൽ ഏറ്റവും ഉയരത്തിലാണു കോൺഗ്രസിന്റെ സ്ഥാനമെന്നു രാഹുൽ ചൂണ്ടിക്കാട്ടി. ബിജെപിയിലേതുപോലെ ഒരു കൊലപാതകി കോൺഗ്രസിന്റെ പ്രസിഡന്റാവാൻ അവർ അനുവദിക്കില്ല. കോൺഗ്രസ് ഇന്ത്യയുടെ ശബ്ദമാണ്; ബിജെപി ഒരു സംഘടനയുടെയും–രാഹുൽ പറഞ്ഞു.

പ്രവർത്തകസമിതി: തിരഞ്ഞെടുപ്പില്ല; രാഹുൽ തീരുമാനിക്കും

ന്യൂഡൽഹി∙ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പ് ഒഴിവാക്കി, നാമനിർദേശത്തിലൂടെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ എഐസിസി പ്ലീനറി സമ്മേളനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി. രാഹുലിനെ ചുമതലപ്പെടുത്താനുള്ള പ്രമേയം ജനറൽ സെക്രട്ടറി ഗുലാം നബി ആസാദാണ് അവതരിപ്പിച്ചത്.