Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം; വധു കിങ്ഫിഷറിലെ മുൻ എയർഹോസ്റ്റസ്

Vijay Mallya

ന്യൂഡൽഹി∙ വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നു. മൂന്നു വർഷമായി പ്രണയത്തി‍ൽ കഴിയുന്ന മുൻ എയർ ഹോസ്റ്റസ് പിങ്കി ലാൽവാനിയാണു വധു. 62 വയസ്സുകാരനായ മല്യയുടെ മൂന്നാം വിവാഹമാണിത്. മല്യയെക്കാൾ ഏറെ ചെറുപ്പമായ പിങ്കിയുടെ പ്രായം വെളിവായിട്ടില്ല. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലണ്ടനിലായിരിക്കും ആർഭാടവിവാഹം എന്നറിയുന്നു.

2011ൽ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിൽ എയർഹോസ്റ്റസ് ആകാൻ ക്ഷണിച്ചതു മുതൽ തുടങ്ങിയതാണ് ഇവർ തമ്മിലുള്ള ബന്ധം. വായ്പ തിരിച്ചടയ്ക്കാതെ 2016 മാർച്ച് രണ്ടിന് ഇന്ത്യയിൽനിന്നു ലണ്ടനിലേക്കു മുങ്ങിയപ്പോഴും ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിലെ വിചാരണ വേളകളിലുമെല്ലാം മല്യയ്ക്കു കൂട്ടായി പിങ്കി ഉണ്ടായിരുന്നതായാണു റിപ്പോർട്ട്.

ആദ്യഭാര്യയും എയർ ഇന്ത്യയിൽ എയർ ഹോസ്റ്റസുമായിരുന്ന സമീര തയാബ്ജിയുമായുള്ള ബന്ധം ഒരുവർഷം മാത്രമാണു നീണ്ടുനിന്നത്. 1993ൽ വിവാഹം കഴിച്ച രേഖ മല്യയുമായുള്ള ബന്ധം വേർപെടുത്താതെയാണു വിജയ് മല്യ വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നത്. രണ്ടു വിവാഹങ്ങളിലുമായി മൂന്നു മക്കൾ: സിദ്ധാർഥ്, ലിയന്ന, ടാനിയ.