ADVERTISEMENT

ന്യൂഡൽഹി ∙ വീണ്ടും ഖാലിസ്ഥാൻവാദികളുടെ ഇടപെടൽ ഉൾപ്പെടെ ആരോപിച്ച് സമരത്തെ ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുമ്പോഴും ഭീഷണികൾക്കു വഴങ്ങില്ലെന്ന നിലപാടിലുറച്ച്് കർഷക സംഘടനകൾ. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിനെതിരെ ഡൽഹി പൊലീസ് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

19ന് സർക്കാർ – കർഷക പത്താംവട്ട ചർച്ചയ്ക്കു തീരുമാനിച്ചിട്ടുണ്ടെങ്കിലും അന്വേഷണ ഏജൻസിയെ ഉപയോഗിച്ചുള്ള പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തിൽ എന്തു സമീപനം വേണമെന്ന് സംഘടനകൾ ഇന്നു തീരുമാനിച്ചേക്കും. തടയാൻ പൊലീസ് ശ്രമിച്ചാലും കിസാൻ പരേഡ് നടത്തുമെന്നാണ് സംഘടനകളുടെ നിലപാട്.

സമരത്തിനു പണം നൽകുന്നത് ഖാലിസ്ഥാൻവാദികളാണെന്ന് സർക്കാരും ബിജെപിയും നേരത്തെ ആരോപിച്ചിരുന്നു. അത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ, തീവ്ര ഇടതുപക്ഷമാണ് സമരക്കാരെന്ന് ആരോപണമുയർത്തി. സിഖുകാരെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രിയുൾപ്പെടെ ശ്രമിച്ചു. പഞ്ചാബിൽ മാത്രമാണ് സമരമെന്ന വാദത്തിനും ആയുസ്സുണ്ടായില്ല, രാജസ്ഥാനിലും ഹരിയാനയിലും മറ്റും സമരം ശക്തമായി.

ഖാലിസ്ഥാൻവാദി ആരോപണം സർക്കാർ സുപ്രീം കോടതിയിലും ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് രഹസ്യാന്വേഷണ ബ്യൂറോയുടെ റിപ്പോർട്ടുകളുടെകൂടി അടിസ്ഥാനത്തിൽ സത്യവാങ്മൂലം നൽകാമെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നാണ് സൂചന. 

കൃഷി നിയമങ്ങളെക്കുറിച്ച് സർക്കാരിനോടും സംഘടനകളോടും ചർച്ച നടത്താൻ കഴിഞ്ഞ 12ന് സുപ്രീം കോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയിലെ 4 പേരും നിയമങ്ങളെ അനുകൂലിക്കുന്നവരെന്നു വിമർശനമുണ്ടായി; ഈ സമിതിയുമായി ചർച്ചയ്ക്കില്ലെന്നു കർഷകരും വ്യക്തമാക്കി. ഒപ്പം, സമിതിയിൽനിന്ന് അംഗങ്ങളിലൊരാൾ പിൻമാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ, സമിതി പുനഃസംഘടിപ്പിക്കാൻ കോടതി തയാറായേക്കും.

കേരള കർഷകരുടെ പ്രതിഷേധ ശൃംഖല

കൃഷി നിയമങ്ങൾക്കെതിരെയുള്ള സമരത്തിനു പിന്തുണയുമായി കേരളത്തിൽനിന്നെത്തിയ കർഷകർ ഹരിയാന–രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപൂരിൽ പ്രതിഷേധ ശൃംഖല തീർത്തു. കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ സമരക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ.കെ. രാഗേഷ് എംപി, പി.എം.ഷൗക്കത്ത്, കെ.സി. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com