ADVERTISEMENT

ന്യൂഡൽഹി ∙ മഹാമാരിക്കാലത്ത് ജീവൻ പണയപ്പെടുത്തിയും ജനങ്ങളെ കാത്ത ആരോഗ്യപ്രവർത്തകരെ നമിച്ച് ഇന്ത്യയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞം തുടങ്ങി. കോവിഡിനെതിരെ ‘വാക്സീൻ’ എന്ന കവചം ആദ്യം ആരോഗ്യപ്രവർത്തകർക്കു തന്നെ. ഇത് രാജ്യത്തിന് ആരോഗ്യപ്രവർത്തകരോടുള്ള കടപ്പാട്.

പിന്തുണയായി നിന്ന പൊലീസുകാരും വിവിധ സേനാംഗങ്ങളും മുതൽ ശുചീകരണത്തൊഴിലാളികൾ വരെയുള്ള കോവിഡ് മുന്നണിപ്പോരാളികൾക്കാണ് അടുത്ത ഘട്ടം. പരീക്ഷണത്തിന്റെ പല ഘട്ടങ്ങൾ പിന്നി‌ട്ടു രാജ്യത്തിനു വളരെ പെട്ടെന്നു വാക്സീൻ സമ്മാനിച്ച ഗവേഷകരോടുള്ള നന്ദി കൂടി ചേർത്ത്, ഇന്നുവരെ കണ്ടതിൽ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പിലേക്കു രാജ്യം കടന്നു. ഇന്നലെ രാജ്യമാകെ 1,93,363 ആരോഗ്യപ്രവർത്തകർ വാക്സീൻ സ്വീകരിച്ചു; കേരളത്തിൽ 8062 പേർ.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ആദ്യ വാക്സീൻ സ്വീകരിച്ചത് ഡൽഹി എയിംസിൽ ശുചീകരണത്തൊഴിലാളിയായ മനീഷ് കുമാർ (33). ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ആണ് മനീഷിനു കുത്തിവച്ചത്. 

ഡൽഹി (52), മഹാരാഷ്ട്ര (14), ഹരിയാന (13) എന്നിവിടങ്ങളിലായി 79 പേർക്ക് നേരിയ പാർശ്വഫലമുണ്ട്. ഡൽഹിയിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എയിംസിലെ സുരക്ഷാ ജീവനക്കാരനാണിത്. മറ്റാരുടേതും ഗൗരവമുള്ളതല്ല. 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കണം. തുടർന്ന് 14 ദിവസം കൂടി കഴിയുമ്പോഴാണു പ്രതിരോധശേഷി ലഭിക്കുക.

kottayamvaccine
മെഡിക്കൽ കോളജിൽ കോവിഡ് വാക്സീൻ സ്വീകരിക്കാനെത്തിയ ആശുപത്രി സൂപ്രണ്ടും പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ടി.കെ.ജയകുമാർ.

പ്രമുഖർക്ക്  കോവാക്സീൻ

വാക്സീൻ വിദഗ്ധ സമിതി ദേശീയ അധ്യക്ഷനും നിതി ആയോഗ് അംഗവുമായ ഡോ. വി.കെ.പോൾ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർ സ്വീകരിച്ചത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ. ഭാരത് ബയോടെക്ക് നിർമിച്ച കോവാക്സീന്റെ മൂന്നാം ഘട്ട ട്രയൽ പൂർത്തിയാകും മുൻപ് അനുമതി നൽകിയെന്ന വിവാദം നിലനിൽക്കെയാണിത്.

∙ വാക്സീൻ സ്വീകരിച്ചാലും മാസ്ക്കും അകലവും കൈവിടരുത്. രാജ്യം അനുവദിച്ച 2 വാക്സീനുകളുടെയും ഫലപ്രാപ്തിയും സുരക്ഷിതത്വവും ശാസ്ത്രജ്‍ഞർക്കു ബോധ്യമായിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങളെ കരുതിയിരിക്കണം.

-പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com