ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിലെ കിസാൻ ട്രാക്ടർ പരേഡിന് ഡൽഹിയിലേക്കു കടക്കാൻ കർഷകരെ അനുവദിക്കണമോയെന്നു തീരുമാനിക്കാനുള്ള അധികാരം പ്രയോഗിക്കാൻ ഡൽഹി പൊലീസിനു പൂർണ സ്വാതന്ത്ര്യമുണ്ടെന്നു സുപ്രീം കോടതി. എന്നാൽ, ഇതു വ്യക്തമാക്കി ഉത്തരവു നൽകണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിരസിച്ചു. 

ഇതിനിടെ, കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനു പരിഹാരം തേടി കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പത്താം ചർച്ച 20ലേക്കു മാറ്റി. പ്രശ്നം പരിഹരിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ആദ്യ യോഗം ഇന്നാണ്.

കിസാൻ പരേഡ് പരാമർശിച്ചപ്പോൾ, കോടതിയുടെ ഇടപെടലിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്നും കർഷക സമരം മാത്രമാണ് തങ്ങളുടെ മുന്നിൽ ഇപ്പോഴുള്ളതെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു. 

എല്ലാ വിഷയങ്ങളും കോടതിയുടെ പരിഗണനയിലുണ്ടെന്ന് അറ്റോണി ജനറൽ (എജി) കെ.കെ. വേണുഗോപാൽ പറഞ്ഞപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശമുണ്ടായത്.

കിസാൻ പരേഡ്, റിപ്പബ്ലിക് ദിന പരേഡിനെ ബാധിക്കുമെന്നും അത് രാജ്യത്തിന് അപമാനകരമാകുമെന്നും വ്യക്തമാക്കി പൊലീസ് നൽകിയ ഹർജിയാണ്, ജഡ്ജിമാരായ എൽ. നാഗേശ്വര റാവു, വിനീത് സരീൻ എന്നുവരുമുൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. നേരത്തേ, കൃഷി നിയമങ്ങൾ സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസും ജഡ്ജിമാരായ എ.എസ്. ബൊപ്പണ്ണയും വി.രാമസുബ്രമണ്യനും ഉൾപ്പെട്ട ബെഞ്ചായിരുന്നു. ഈ ബെഞ്ചിന് പരിഗണിക്കാൻ കേസ് നാളത്തേക്കു മാറ്റി.

പരേഡ് സംബന്ധിച്ച തീരുമാനത്തിന് പൊലീസിനുള്ള അധികാരത്തെക്കുറിച്ച് ഉത്തരവു നൽകണമെന്ന് എജി പറഞ്ഞപ്പോൾ, കേന്ദ്ര സർക്കാരിന്റെ അധികാരത്തെക്കുറിച്ച് കോടതിയുടെ ഉത്തരവിന്റെ ആവശ്യമുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പുതിയൊരു സാഹചര്യമാണു സർക്കാരിനു മുന്നിലുള്ളതെന്ന് എജി പറഞ്ഞു.

English Summary: Supreme Court on tractor rally by farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com