ADVERTISEMENT

ന്യൂഡൽഹി ∙ നിയന്ത്രണരേഖയിൽ വെടിനിർത്തലിനുള്ള ഇന്ത്യ – പാക്ക് ധാരണ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര, രാഷ്ട്രീയ തല ചർച്ചകൾക്കു വഴിതെളിച്ചേക്കും. 2003ൽ ധാരണയായ നടപടിക്രമങ്ങൾ പ്രകാരമാകും വെടിനിർത്തലെന്നാണ് അറിയുന്നത്.

കാർഗിൽ യുദ്ധത്തിന്റെയും പാളിപ്പോയ ആഗ്ര ഉച്ചകോടിയുടെയും പാർലമെന്റ് ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യ – പാക്ക് ചർച്ചകൾ വഴിമുട്ടിനിന്ന കാലമായിരുന്നു അത്. 2004 ജനുവരിയിൽ ഇസ്‌ലാമാബാദിൽ നിശ്ചയിച്ചിരുന്ന സാർക് ഉച്ചകോടിയും പാളിപ്പോയേക്കുമെന്ന് ആശങ്ക ഉയർന്നു. ഈ അവസരത്തിലാണ് സൈന്യങ്ങൾ തമ്മിൽ നിയന്ത്രണരേഖയിലും സിയാച്ചിനിലും വെടിനിർത്തലിനു ധാരണയുണ്ടാക്കിയത്. ഈ ധാരണയുടെ അടിസ്ഥാനത്തിൽ നയതന്ത്രതല ചർച്ചകൾ നടത്തിയതാണ് സാർക് ഉച്ചകോടിക്കായുള്ള അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ഇസ്‌ലാമാബാദ് സന്ദർശനത്തിലേക്കു വഴി തുറന്നത്.

ഉച്ചകോടിക്കു സമാന്തരമായി പാക്ക് നേത‍ൃത്വവുമായി നടത്തിയ ചർച്ചകളിൽ ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനത്തിനു തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നു പാക്കിസ്ഥാൻ ഉറപ്പുനൽകി. ബന്ധം മെച്ചപ്പെടുകയും ചെയ്തു. നേരത്തേയുണ്ടായിരുന്ന സംഝോധ എക്സ്പ്രസ് ട്രെയിൻ സർവീസിനും ലഹോർ–ഡൽഹി ബസ് സർവീസിനും പുറമേ, നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും കൂടുതൽ യാത്രാസൗകര്യങ്ങൾ ലഭ്യമാക്കാൻ അക്കാലത്തു സാധിച്ചു. എന്നാൽ 2008ലെ മുംബൈ ഭീകരാക്രമണം സമാധാനപ്രക്രിയയെ തകിടം മറിച്ചു.

എങ്കിലും ബഹുകക്ഷി ഉച്ചകോടികൾക്കിടെ നയതന്ത്ര, രാഷ്ട്രീയ തല ഇടപെടലുകൾ തുടർന്നുപോന്നു. 2014ൽ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും അതിഥിയായെത്തി. പിന്നീടൊരിക്കൽ കാബൂളിൽ നിന്നുള്ള മടക്കയാത്രയിൽ അപ്രതീക്ഷിതമായി മോദി ലഹോറിൽ ഇറങ്ങി ഷെരീഫിനെ കണ്ടത് ബന്ധങ്ങൾക്കു ശക്തി പകരുമെന്നു കരുതിയിരുന്നു.

എന്നാൽ തുടർന്ന്് ഡൽഹിയിൽ നടക്കേണ്ടിയിരുന്ന ചർച്ചയ്ക്കു തൊട്ടുമുൻപു പാക്ക് ഹൈക്കമ്മിഷണർ കശ്മീരിലെ വിഘടനവാദി നേതാക്കളുമായി ആശയവിനിമയം നടത്തിയത് ഇന്ത്യയെ പ്രകോപിപ്പിച്ചു. ചർച്ചകൾ മാറ്റിവച്ചു. വിരളമായ ലംഘനങ്ങളോടെ 2003 മുതൽ നിലനിന്നിരുന്ന വെടിനിർത്തൽ ധാരണ ഇതോടെ അവതാളത്തിലായി. പിന്നീട് പഠാൻകോട്ടിലും ഉറിയിലും ഒടുവിൽ പുൽവാമയിലും ഭീകരാക്രമണമുണ്ടായി. ബാലക്കോട്ടിൽ ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. അങ്ങനെ പാളം തെറ്റിപ്പോയ ധാരണയാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്.

2003ലെ വെടിനിർത്തൽ ധാരണ ഒട്ടും ലംഘനമില്ലാതെ ഒരു പ്രദേശത്ത് തുടരുന്നു – സിയാച്ചിനിലെ മഞ്ഞുമലകളിൽ. 18 കൊല്ലമായി കാര്യമായ പ്രകോപനങ്ങൾക്ക് ഇരു സൈന്യങ്ങളും തുനിഞ്ഞിട്ടില്ല.

3323 കിലോമീറ്റർ അതിർത്തി

നിയന്ത്രണരേഖയും (എൽഒസി) രാജ്യാന്തര അതിർത്തിയുമടക്കം (ഐബി) ആകെ 3323 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും പങ്കിടുന്നത്. ഇതിൽ ജമ്മു കശ്മീരിലുള്ളത് 961 കിലോമീറ്റർ (നിയന്ത്രണ രേഖ 740 കിലോമീറ്റർ; രാജ്യാന്തര അതിർത്തി 221 കിലോമീറ്റർ). വ്യക്തമായി വേർതിരിച്ച, അംഗീകൃത അതിർരേഖയാണു രാജ്യാന്തര അതിർത്തി. തർക്കമേഖലയാണു നിയന്ത്രണ രേഖ. 

English Summary: India - pakisthan cease fire agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com